സൗരവ് ഗാംഗുലിയുടെ സഹോദരനും ഭാര്യയും സഞ്ചരിച്ച സ്പീഡ് ബോട്ട് തലകീഴായി മറിഞ്ഞു.. അപകടം ജലകായിക വിനോദങ്ങളില്‍ പങ്കെടുക്കുന്നതിനിടെ…
ഒഡീഷയിലെ പുരി ബീച്ചിൽ സ്പീഡ് ബോട്ട് തലകീഴായി മറിഞ്ഞ് അപകടം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ സഹോദരനും ഭാര്യയും സഞ്ചരിച്ച ബോട്ടാണ് തലകീഴായി മറിഞ്ഞത്. ഇരുവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഗാംഗുലിയുടെ സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സ്‌നേഹാശിഷ് ഗാംഗുലിയും ഭാര്യ അര്‍പിതയുമാണ് ബീച്ചിൽ ജലകായിക വിനോദങ്ങളില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തിൽ പെട്ടത്.
പുരി ബീച്ചില്‍ ജലകായിക വിനോദങ്ങളില്‍ പങ്കെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്‌നേഹാശിഷും അര്‍പിതയും പോയ ഒരു സ്പീഡ് ബോട്ട് പെട്ടെന്ന് കടലിലേക്ക് തലകീഴായി മറിയുകയായിരുന്നു. പിന്നാലെ കടലില്‍ വീണ ഇരുവരെയും ലൈഫ് ഗാര്‍ഡുമാര്‍ ഉടനെ റബ്ബര്‍ ഫ്‌ലോട്ടുകള്‍ നല്‍കിയാണ് രക്ഷിച്ചത്.
പത്ത് പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ മൂന്നോ നാലോ പേര്‍ മാത്രമായിരുന്നു അപകടസമയത്ത് ഉണ്ടായത്. ബോട്ട് ഓപ്പറേറ്റര്‍മാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് അര്‍പിത ആരോപിച്ചു. കടല്‍ പ്രക്ഷുബ്ധമായിരുന്നെന്നും ബോട്ടിന്റെ ഭാരക്കുറവും അപകടത്തിന് കാരണമായി അര്‍പിത പറഞ്ഞു. കടല്‍ പ്രക്ഷുബ്ധമായതും ബോട്ടിന്റെ ഭാരക്കുറവും യാത്ര പുറപ്പെടും മുന്‍പ് അറിയിച്ചിരുന്നെങ്കിലും ബോട്ട് ഓപ്പറേറ്റര്‍മാര്‍ അത് കാര്യമായി എടുത്തിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.