‘അവൻ ചെയ്തതിൻ്റെ ഫലം അനുഭവിക്കട്ടെ’; അഫാന്റെ ആത്മഹത്യാശ്രമത്തിന് പിന്നാലെ പ്രതികരിച്ച് പിതാവ് റഹിം…
വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാൻ പൂജപ്പുര സെന്‍ട്രൽ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികരിച്ച് അച്ഛൻ റഹിം. ചെയ്തതിൻ്റെ ഫലം അഫാൻ അനുഭവിക്കട്ടെയെന്ന് അച്ഛൻ റഹിം പറഞ്ഞു.അവൻ ചെയ്തതെന്താണെന്ന് അവന് നന്നായി അറിയാമെന്നും റഹിം കൂട്ടിച്ചേര്‍ത്തു. പൂജപ്പുര സെന്‍ട്രൽ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരം മെഡിക്കൽ ഐസിയുവിൽ വെന്‍റിലേറ്റര്‍ സഹായത്തിലാണ് അഫാന്‍ ഇപ്പോള്‍.
അഫാന്റെ തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം നിലച്ചതിനാൽ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുകയാണ് പ്രതി. 24 മണിക്കൂർ നിരീക്ഷണം വേണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.കഴിഞ്ഞദിവസമാണ് ജയിലിൽ വെച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പ്രതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ യു ടി ബ്ലോക്കിലെ ശുചിമുറിയില്‍ കയറിയാണ് അഫാൻ കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സംഭവത്തിൽ ജയിൽ സൂപ്രണ്ട് ജയിൽ മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയില്ലെന്നും ഉദ്യോഗസ്ഥരുടെ സംയോജിത ഇടപെടലാണ് ജീവൻ രക്ഷിക്കാൻ കാരണമെന്നുമാണ് റിപ്പോർട്ട്.