യൂട്യൂബ് വീഡിയോ വഴി കെ എം എബ്രഹാമിനെതിരായ അധിക്ഷേപ പരാമർശം.. ഖേദം പ്രകടിപ്പിച്ച് കെമാൽ പാഷ….
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം.എബ്രഹാമിനെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ ഹൈക്കോടതി ജഡ്ജി കെമാൽ പാഷ. യൂട്യൂബ് വീഡിയോ വഴിയായിരുന്നു അധിക്ഷേപ പരാമർശം. ഇതിനെതിരെ കെഎം അബ്രഹാം വക്കീൽ നോട്ടീസ് അയച്ചിരുന്നു. പിന്നാലെയാണ് വീഡിയോ പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
ഏപ്രിൽ 11 , 20 തീയതികളിൽ അപ് ലോഡ് ചെയ്ത രണ്ടു വീഡിയോകളിലായാണ് കെമാൽ പാഷയുടെ വിവാദ പരാമർശങ്ങൾ. ‘ജസ്റ്റിസ് കെമാൽ പാഷ വോയിസ് ‘ എന്ന സ്വന്തം യൂട്യൂബ് ചാനൽ വഴിയായിരുന്നു അധിക്ഷേപ പരാമർശം. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ ഹൈക്കോടതി കെ.എം.എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടർന്നാണ് അധിക്ഷേപപരാമർശങ്ങളടങ്ങിയ വിഡിയോ കെമാൽ പാഷ സ്വന്തം യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തത്.
കെ.എം.എബ്രഹാമിനെ ‘കാട്ടുകള്ളൻ’, ‘അഴിമതി വീരൻ’, ‘കൈക്കൂലി വീരൻ’ തുടങ്ങിയ പരാമർശങ്ങളിലൂടെ അധിക്ഷേപിക്കുകയായിരുന്നു.