എ.ആർ.രാജ രാജവർമയുടെ കറങ്ങുന്ന ബുക് ഷെൽഫ് തിരിച്ചെത്തി…..
മാവേലിക്കര- കേരളപാണിനി എ.ആർ.രാജ രാജവർമ ഉപയോഗിച്ച കറങ്ങുന്ന ബുക്ക് ഷെൽഫ് ശാരദ മന്ദിരത്തിലേക്കു തിരിച്ചെത്തി. 1914ൽ എ.ആർ രാജ രാജവർമ തൻ്റെ ബന്ധുവും സുഹൃത്തുമായ മണ്ണൂർമഠം കൊട്ടാരത്തിലെ കാരണവർക്ക് കൈമാറിയതാണ് കറങ്ങുന്ന ബുക് ഷെൽഫ്. കാലപ്പഴക്കം ചെന്ന ഷെൽഫിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ബുദ്ധ ജംക്‌ഷനിലെ ശ്രീവത്സം കൊട്ടാരത്തിലെ സുരേഷ് വർമ്മയാണ് എ.ആർ.സ്‌മാരക ഭരണസമിതി ഒരുക്കുന്ന മ്യൂസിയത്തിലേക്ക് ഷെൽഫ് നവീകരിച്ചു കൈമാറിയത്.
എം.എസ്.അരുൺകുമാർ എം.എൽ.എ ബുക് ഷെൽഫ് സുരേഷ് വർമയിൽ നിന്ന് ഏറ്റുവാങ്ങി. ഭരണ സമിതി പ്രസിഡന്റ് കെ.മധുസൂദനൻ അധ്യക്ഷനായി. സെക്രട്ടറി പ്രൊഫ.വി.ഐ.ജോൺസൺ സുരേഷ് വർമയെ പുസ്തകം നൽകി ആദരിച്ചു. സമിതി അംഗങ്ങളായ പ്രൊഫ.ജി.ചന്ദ്രശേഖരൻ നായർ, ഗോപകുമാർ വാത്തികുളം, ഹരിദാസ് പല്ലാരിമംഗലം, കെ.കുഞ്ഞുകുഞ്ഞ്, ബിനു തങ്കച്ചൻ, ശ്രീപ്രിയ, റെജി പാറപ്പുറത്ത്, കെ.മോഹനൻ ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു.