ഓടിക്കൊണ്ടിരുന്ന ട്രെയിന് മുകളിൽ മരം വീണു… യാത്രക്കാർ…
തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന് മുകളിൽ മരം വീണു. ഞായറാഴ്ച രാവിലെ 10 മണിയോടെ ജാംനഗറിൽ നിന്നും തിരുനൽവേലിയ്ക്ക് പോകുന്ന ട്രെയിനിന് മുകളിലാണ് മരം വീണത്. സംഭവത്തെ തുടർന്ന് ഒരുമണിക്കൂറോളം ട്രെയിന്‍ നിര്‍ത്തിയിട്ടു. യാത്രക്കാർ സുരക്ഷിതരാണ്. നിലവിൽ ഷൊർണുർ തൃശൂർ പാതയിൽ വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളെല്ലാം വൈകിയോടുകയാണ്.
ഇന്നലെ രാത്രി മുതല്‍ തൃശ്ശൂര്‍ ജില്ലയില്‍ വ്യാപകമായി ശക്തമായ മഴ പെയ്യുന്നുണ്ട്. അപകടം നടക്കുന്ന സമയത്തും ശക്തമായ മഴയുണ്ടായിരുന്നു. ട്രെയിനിന്റെ സെക്കന്‍ഡ് ക്ലാസ് കമ്പാര്‍ട്ട്‌മെന്റിന് മുകളിലേക്കാണ് മരത്തിന്റെ ചില്ലകള്‍ വീണത്. തുടർന്ന് ടി ആർ ഡി സംഘം സ്ഥത്തെത്തി മരം മുറിച്ച് മാറ്റി വൈദ്യുതലൈനില്‍ നിന്ന് ചില്ലകള്‍ മാറ്റിയതിന് ശേഷം 11 മണിയോടെയാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.
ജാംനഗര്‍-തിരുനെല്‍വേലി എക്‌സ്പ്രസ് ട്രെയിനിന് മുകളിലേക്കാണ് മരച്ചില്ലകള്‍ വീണത്. ട്രെയിന്‍ ചെറുതുരുത്തി റെയില്‍വേസ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. കൂടുതല്‍ അപകടമൊഴിവാക്കാന്‍ ലോക്കോപൈലറ്റ് ട്രെയിന്‍ പെട്ടെന്ന് നിര്‍ത്തി. ട്രെയിനിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്നാണ് പ്രാഥമിക വിവരം.