ഭൂമിയുടെ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ കൂട്ടിമുട്ടാന്‍ തയ്യാറെടുക്കുന്നു.. ഇതോടെ പസഫിക് സമുദ്രം ഇല്ലാതായി ഒരു മഹാഭൂഖണ്ഡം രൂപപ്പെടുമെന്ന് പഠനം..
പസഫിക് സമുദ്രം ചുരുങ്ങി ഇല്ലാതായി ഒരു പുതിയ മഹാഭൂഖണ്ഡം രൂപപ്പെടാൻ സാധ്യതയെന്ന് പഠനം. അടുത്ത 20-30 കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു പുതിയ ഭൂഖണ്ഡം രൂപപ്പെടാൻ തയാറെടുക്കുകയാണെന്നാണ് ശാസ്ത്രജ്ഞൻമാരുടെ കണ്ടെത്തൽ. ഓസ്ട്രേലിയയിലെ കര്‍ട്ടിന്‍ സര്‍വകലാശാലയിലെയും ചൈനയിലെ പെക്കിംഗ് സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. നൂതന സൂപ്പര്‍ കമ്പ്യൂട്ടിംഗ് മോഡലുകള്‍ ഉപയോഗിച്ചായിരുന്നു പഠനം.
പസഫിക് സമുദ്രം ക്രമേണ ചുരുങ്ങി ഒടുവില്‍ ഇല്ലാതാകുന്നതോടെ ഭൂമിയുടെ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ കൂട്ടിമുട്ടാന്‍ തയ്യാറെടുക്കുകയാണെന്നും ഇത് നിലവിലെ ഭൂമിശാസ്ത്രത്തെ പുനര്‍നിര്‍വചിക്കാന്‍ സാധ്യതയുള്ള ഒരു വലിയ കരഭാഗം സൃഷ്ടിച്ചേക്കാം എന്നുമാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. നാഷണല്‍ സയന്‍സ് റിവ്യൂ ജേണലിലാണ് സുപ്രധാന കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
അടുത്ത 20 കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂമിക്ക് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുന്നതാണ് പുതിയ പഠനങ്ങളെന്ന് കര്‍ട്ടിന്‍ സര്‍വ്വകലാശാലയിലെ എര്‍ത്ത് ഡൈനാമിക്‌സ് റിസര്‍ച്ച് ഗ്രൂപ്പിലെയും സ്‌കൂള്‍ ഓഫ് എര്‍ത്ത് ആന്‍ഡ് പ്ലാനറ്ററി സയന്‍സസിലെയും പെക്കിംഗ് സര്‍വകലാശാലയിലെ ഓറോജെനിക് ബെല്‍റ്റ്‌സ് ആന്‍ഡ് ക്രസ്റ്റല്‍ എവല്യൂഷന്‍ കീ ലബോറട്ടറിയിലെയും ഗവേഷകനായ ഡോ. ചുവാന്‍ ഹുവാങ് പറഞ്ഞു.
കഴിഞ്ഞ 200 കോടി വര്‍ഷങ്ങള്‍ക്കിടയില്‍ ഭൂഖണ്ഡങ്ങള്‍ ഓരോ 60 കോടി വര്‍ഷത്തിലും കൂട്ടിയിടിച്ച് ഒരു മഹാഭൂഖണ്ഡം രൂപപ്പെടുത്തിയിട്ടുണ്ട്. ഇത് സൂപ്പര്‍കോണ്ടിനെന്റ് സൈക്കിള്‍ എന്നറിയപ്പെടുന്നു. ഇതിനര്‍ഥം നിലവിലുള്ള ഭൂഖണ്ഡങ്ങള്‍ ഏതാനും ദശലക്ഷം വര്‍ഷങ്ങള്‍ക്കുള്ളില്‍ വീണ്ടും ഒന്നിക്കാന്‍ പോകുന്നു എന്നാണ് – അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ടെക്‌റ്റോണിക് പ്ലേറ്റുകള്‍ എങ്ങനെ പരിണമിക്കുമെന്ന് ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് സിമുലേറ്റ് ചെയ്തതിലൂടെയാണ് 30 കോടി വര്‍ഷത്തിനുള്ളില്‍ പസഫിക് സമുദ്രം അടഞ്ഞുപോകാനാണ് സാധ്യതയെന്ന സൂചന ലഭിച്ചത്. ഇത് അമാസിയ എന്ന പുതിയ മഹാ ഭൂഖണ്ഡത്തിന്റെ രൂപവത്കരണത്തിന് വഴിയൊരുക്കുമെന്നും സൂചന ലഭിച്ചു. ചില മുന്‍കാല ശാസ്ത്രീയ സിദ്ധാന്തങ്ങള്‍ തെറ്റാണെന്ന് തെളിയുമെന്നും സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഡോ. ഹുവാങ് പറയുന്നു.
70 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്‍പത്തെ മഹാഭൂഖണ്ഡം വേര്‍പിരിയാന്‍ തുടങ്ങിയപ്പോള്‍ രൂപപ്പെട്ട പാന്തലാസ മഹാസമുദ്രത്തിന്റെ അവശേഷിപ്പാണ് പസഫിക് സമുദ്രം. ഇത് ഭൂമിയിലുള്ള ഏറ്റവും പഴക്കമുള്ള സമുദ്രമാണ്. ദിനോസര്‍ കാലഘട്ടം മുതല്‍ അത് ചുരുങ്ങാന്‍ തുടങ്ങിയിരുന്നു.