നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; 88-ാം ദിവസം ആദ്യ കുറ്റപത്രം സമർപ്പിച്ച് പൊലീസ്..
നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പൊലീസ് ആദ്യ കുറ്റപത്രം സമർപ്പിച്ചു. പ്രതി അഫാന്റെ അച്ഛന്റെ അമ്മ സൽമ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം പാങ്ങോട് പൊലീസ് നൽകിയത്. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് 450 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കൊലയിലേക്ക് നയിച്ചത് അഫാന്റെ ആര്ഭാട ജീവിതവും സാമ്പത്തിക ബാധ്യകയുമെന്ന് കുറ്റപത്രം.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്ന് 88-ാം ദിവസമാണ് പൊലീസ് ആദ്യ കുറ്റപത്രം സമർപ്പിച്ചത്. പ്രതി അഫാന്റെ അച്ഛന്റെ അമ്മ സൽമ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് ആദ്യ കുറ്റപത്രം. അമ്മൂമ്മയും സഹോദരനെയും കാമുകിയെയും അച്ഛന്റെയും സഹോദരനെയും ഭാര്യയുമാണ് അഫാൻ കൊലപ്പെടുത്തിയത്. ആദ്യം കൊലചെയ്യുന്നത് 95 വയസ്സുള്ള സൽമ ബീവിയെയാണ്. തനിച്ച് വീട്ടിൽ താമസിച്ചിരുന്ന വൃദ്ധയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഫാന്റെ ധൂർത്തും വഴിവിട്ട ജിവിതവും സൽമ ബീവി എതിർത്തിരുന്നു. കഴുത്തിൽ കിടന്ന സ്വർണമാല അഫാൻ ആവശ്യപ്പെട്ടുവെങ്കിലും വൃദ്ധ നൽകിയില്ല. ഈ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് കുറ്റപത്രം. സൽമ ബീവിയെ വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലാണ് നാട്ടുകാർ കാണുന്നത്. സ്വാഭാവികമരണത്തിനാണ് ആദ്യം കേസെടുക്കുന്നത്. പ്രതി അഫാൻ സ്റ്റേഷനിൽ വന്ന് കുറ്റസമ്മതം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായതും കൊലകുറ്റം ചുമത്തിയതും