കെപിസിസിയിൽ പുനഃസംഘടനയില്ല… ഇല്ലാക്കഥകൾ മെനയുകയാണെന്ന് വിഡി സതീശൻ…

കെപിസിസിയിൽ പുനഃസംഘടനയില്ലെന്നും അത്തരമൊരു ചർച്ച ഇന്നലത്തെ യോഗത്തിലുണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാധ്യമങ്ങൾ ഇല്ലാക്കഥകൾ മെനയുകയാണെന്നും വിഡി സതീശൻ പറ‍ഞ്ഞു. നേതാക്കളെ മറികടന്ന് ഹൈക്കമാൻഡ് പുനഃസംഘടന നടത്തുമെന്നാണ് വാർത്തയെന്നും ഇതെല്ലാം അടിസ്ഥാനരഹിതമാണെന്നും ഉചിതമായ സമയത്ത് നേതൃത്വം അതേക്കുറിച്ച് തീരുമാനിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.

കെപിസിസിയിൽ സമ്പൂർണ അഴിച്ചുപണിക്ക് ഹൈക്കമാൻഡ് ഒരുങ്ങുന്നുവെന്നാണ് വാർത്തയാണ് വിഡി സതീശൻ തള്ളിയത്. സംസ്ഥാന നേതാക്കളുടെ എതിർ അഭിപ്രായങ്ങൾ മറികടന്നാണ് അഴിച്ചുപണിക്ക് ഹൈക്കമാൻഡ് ഒരുങ്ങുന്നത്. കെപിസിസി ഭാരവാഹികൾക്ക് പുറമെ ഭൂരിഭാഗം ഡിസിസി അധ്യക്ഷന്മാരും മാറിയേക്കും. 10 ലേറെ ഡിസിസി അധ്യക്ഷൻമാർ മാറിയേക്കുമെന്നാണ് സൂചന.

ദേശീയപാതയിലെ തകർച്ചയിൽ പ്രതിപക്ഷത്തിനെതിരെ വിമർശനം ഉന്നയിച്ച മന്ത്രി മുഹമ്മദ് റിയാസിനും വിഡി സതീശൻ മറുപടി നൽകി. ദേശീയപാതയിൽ തകർന്ന സ്ഥലങ്ങളിലെല്ലാം പോയി റീൽസ് ഇടാൻ മന്ത്രി റിയാസിനെ വിഡി സതീശൻ വെല്ലുവിളിച്ചു. റീൽസ് ഇനി തുടരുമെന്നാണ് പൊതുമരാമത്ത് മന്ത്രി റിയാസ് പറയുന്നത്. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട ആ മുതൽ ക്ഷ വരെ കേരളത്തിന് ബന്ധമില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ദേശീയപാതയിൽ 50ലധികം സ്ഥലങ്ങളിൽ വിള്ളലുണ്ട്. അവിടെയൊക്കെ പോയി പൊതുമരാമത്ത് മന്ത്രി റീൽസ് ഇടട്ടെ.

പാലാരിവട്ടം പാലത്തിൽ അടക്കം പ്രശ്നമുണ്ട്. വിഴിഞ്ഞത്തിൻറെ ക്രെഡിറ്റ് എടുക്കാൻ നോക്കി. കേന്ദ്ര പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാൻ നോക്കി. ദേശീയപാതയിലെ തകർച്ചയിൽ ഞങ്ങൾക്ക് സന്തോഷമെന്നാണ് മന്ത്രി പറയുന്നത്. നിർമ്മാണത്തിൽ അശാസ്ത്രിയത ഉണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. എട്ടുകാലി മമ്മൂഞ് ചമഞ്ഞ് നടക്കുകയാണ് റിയാസ്. ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാൻ നോക്കി. ഉമ്മൻചാണ്ടി സർക്കാർ തുടങ്ങിവച്ച പദ്ധതിയാണത്. ഗെയിൽ പദ്ധതിയെ ഭൂമിക്ക് അടിയിലെ ബോംബ് ആണെന്നാണ് അന്ന് ഇടതുപക്ഷം പറഞ്ഞത്.

ദേശീയപാത 66ലെ നിർമാണ പ്രവർത്തിയിലെ ഡിപി ആറിൽ മാറ്റമുണ്ടെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ആരോപണം ഗൗരവകരമാണ്. അത് അടിയന്തരമായി അന്വേഷിക്കണമെന്നും വിഡി സതീശൻ പറഞ്ഞു. ആർഎസ്എസ് സൈദ്ധാന്തികൻ ഗവർണറെ കണ്ട സംഭവത്തിൽ സർക്കാർ പ്രതിഷേധം അറിയിക്കുമെന്നാണ് കരുതിയത്. എന്നാൽ, ഇതുവരെ ചെയ്‌തില്ല.ഇരുവരും ഒരേ തോണിയിൽ യാത്ര ചെയ്യുന്നവരാണ്. ഒരു വിദഗ്ധനെ കൊണ്ടു വന്ന് സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാമായിരുന്നു. ഗവർണറേ സർക്കാർ പറഞ്ഞു ബോധ്യപ്പെടുത്തണം. അതിന് സർക്കാരിന് ധൈര്യമുണ്ടാകില്ലെന്നും വിഡി സതീശൻ പറഞ്ഞു.

Related Articles

Back to top button