ആകാശച്ചുഴി.. അപകടത്തിലായ ഇന്ത്യൻ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ… പ്രതികരണവുമായി ഡിജിസിഎ..
ആകാശച്ചുഴിയിൽപെട്ട് അപകടത്തിലായ ഇന്ത്യൻ യാത്രാ വിമാനത്തിന് പാകിസ്ഥാൻ വ്യോമപാത നിഷേധിച്ച നടപടിയിൽ പ്രതികരണവുമായി ഡിജിസിഎ. പാക് അന്താരാഷ്ട്ര അതിർത്തിയിലേക്കും ലാഹോറിലേക്കും പ്രവേശിക്കാനായിരുന്നു അനുമതി നിഷേധിക്കപ്പെട്ടത്. അടയിന്തര സാഹചര്യമാണെന്ന് പൈലറ്റ് ശ്രീനഗർ എടിസിയെ അറിയിച്ചതോടെ സുരക്ഷിത ലാൻഡിംഗ് നടത്താൻ സാധിച്ചു. വിമാനത്തിന് കേടുപാടുണ്ടായെന്നും എന്നാൽ യാത്രക്കാർ സുരക്ഷിതരാണെന്നും ഡിജിസിഎ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ആകാശച്ചുഴിയിൽ അകപ്പെട്ട ഇന്ത്യൻ വിമാനത്തിന് പാകിസ്ഥാൻ സഹായം നിഷേധിച്ചുവെന്നുള്ള റിപ്പോർട്ടുകൾ വന്നതോടെയാണ് ഡിജിസിഎ വിശദീകരണം. ബുധനാഴ്ച ഒരു വിമാനം പ്രതികൂല കാലാവസ്ഥ ഒഴിവാക്കാൻ സഹായം അഭ്യർത്ഥിച്ചപ്പോഴാണ് പാകിസ്ഥാൻ ഈ നിലപാടെടുത്തത്. ഡൽഹി-ശ്രീനഗർ ഇൻഡിഗോ എയർലൈൻസ് വിമാനം അപ്രതീക്ഷിതമായ ആകാശച്ചുഴിയെ നേരിട്ടപ്പോൾ, പൈലറ്റ് ലാഹോർ എയർ ട്രാഫിക് കൺട്രോളിനോട് പാകിസ്ഥാൻ വ്യോമാതിർത്തി താൽക്കാലികമായി ഉപയോഗിക്കാൻ അനുമതി തേടി. അതുവഴി പ്രതികൂല കാലാവസ്ഥ ഒഴിവാക്കാൻ കഴിയുമായിരുന്നു. എന്നാൽ ഈ അപേക്ഷ നിരസിക്കപ്പെട്ടുവെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വിമാനം അമൃത്സറിന് മുകളിലൂടെ പറക്കുമ്പോൾ, ആകാശച്ചുഴി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റ് അപായസൂചന നൽകി. തുടർന്ന് ലാഹോർ എടിസിയുമായി ബന്ധപ്പെട്ട് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി തേടി. അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പൈലറ്റ് കടുത്ത പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച് നിശ്ചയിച്ച പാതയിലൂടെ തന്നെ യാത്ര തുടരുകയായിരുന്നു. ശ്രീനഗർ വിമാനത്താവളത്തിൽ വൈകുന്നേരം 6:30ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പൈലറ്റിൻറെയും മറ്റ് ജീവനക്കാരുടെയും സമയോചിത ഇടപെടൽ കാരണം വലിയൊരു ദുരന്തമാണ് ഒഴിവായത്.