ആലപ്പുഴ മെഡിക്കൽ കോളേജിന് ഇത് അത്യപൂർവ നിമിഷം! നാല് പതിറ്റാണ്ടുകൾക്ക് മുൻപത്തെ വിദ്യാർത്ഥി, കോളേജിന്റെ പ്രിൻസിപ്പലായി ഡോ. പദ്മകുമാർ….

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിന് ഇത് അത്യപൂർവ നിമിഷം. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് അവിടുത്തെ വിദ്യാർത്ഥിയായിരുന്ന ഡോ. ബി പദ്മകുമാർ ഇപ്പോൾ അതേ കോളേജിന്റെ പ്രിൻസിപ്പലായി ചുമതലയേറ്റു. കോളേജിന്റെ 38-ാമത്തെ പ്രിൻസിപ്പലാണ് ഡോ. പദ്മകുമാർ. മികച്ച അക്കാദമിക് നേട്ടങ്ങളും മെഡിക്കൽ രംഗത്തെ മൂന്ന് പതിറ്റാണ്ടിലേറെ പരിചയവും ഇദ്ദേഹത്തിനുണ്ട്. ഡോ. ലൈല, ഡോ. ജയലേഖ, ഡോ. ശ്രീദേവി എന്നിവരാണ് ഇതിന് മുമ്പ് പ്രിൻസിപ്പാളായിട്ടുള്ള പൂർവ വിദ്യാര്‍ത്ഥികൾ.

1983 ൽ കേരള സർവകലാ ശാലയിൽ നിന്നും ബി എസ് സി സുവോളജിയിൽ ഒന്നാം റാങ്ക്, 1990 ൽ ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് സ്വർണ മെഡലോടെ എം ബി ബി എസ് ബിരുദം. 1995 ൽ ഗവണ്‍മെന്റ് മെഡിക്കൽ കോളജ് ഔറൻഗാബാദിൽ നിന്നും ഒന്നാം റാങ്കോടെ എം ഡി, 2016 ൽ കേരള സർവകലാശാലയിൽ നിന്നും മെഡിസിനിൽ പി എച്ച് ഡി, ഹൈദരാബാദിലെ നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നും റുമറ്റോളജിയിൽ ഫെല്ലോഷിപ്പും കേംബ്രിഡ്ജിൽ നിന്നും വിദഗ്ദ്ധ പരിശീലനവും നേടിയിട്ടുണ്ട്.

കേരളത്തിലെ വിവിധ മെഡിക്കൽ കോളജുകളിലായി 30 വർഷത്തെ അധ്യാപന പരിചയം. ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, കോന്നി മെഡിക്കൽ കോളജുകളിൽ മെഡിസിൻ വിഭാഗം പ്രൊഫസറും തലവനും ആയിരുന്നു. 2005-08 ൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ഡെപ്യൂട്ടി സൂപ്രണ്ട് ആയിരുന്നു. 2024 മുതൽ കൊല്ലം മെഡിക്കൽ കോളജിൽ പ്രിൻസിപ്പൽ. ഏറ്റവും നല്ല ഡോക്ടർക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം. കേരള ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂറ്റിന്റെ ഈ വർഷത്തെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്‌കാരം ഡോ. ബി പദ്മകുമാറിന്റ പാഠം ഒന്ന് ആരോഗ്യം എന്ന പുസ്തകത്തിന് ലഭിച്ചു. വൈദ്യ ശാസ്ത്ര സാഹിത്യ മേഖലയിൽ മുപ്പതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നിരവധി ആനുകാലികങ്ങളിൽ ഹെൽത്ത്‌ കോളമിസ്റ്റാണ്. ഡിസി ബുക്സ് മൂന്നു വോള്യങ്ങളായി പുറത്തിറക്കിയ സർവ രോഗ വിജ്ഞാന കോശത്തിന്റ ജനറൽ എഡിറ്റർ ആയിരുന്നു. കേരള ഭാഷാ ഇൻസ്റ്റിട്യൂട്ടിന്റെ ഗസ്റ്റ്‌ എഡിറ്റർ ആയിരുന്നപ്പോൾ നൂറോളം വൈദ്യ ശാസ്ത്ര ഗ്രന്ഥങ്ങൾ എഡിറ്റ്‌ ചെയ്തിട്ടുണ്ട്. ഏറ്റവും നല്ല വൈദ്യശാസ്ത്ര ഗ്രന്ഥത്തിനുള്ള 2010 ലെ കേശവദേവ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ 30 വർഷമായി ആനുകാലികങ്ങളിലൂടെയും ദൃശ്യ മാധ്യമങ്ങളിലൂടെയും സ്ഥിരമായി ആരോഗ്യ ബോധവല്കരണ പ്രവർത്തനങ്ങൾ നടത്തുന്നു. ബുധനാഴ്ച രാവിലെ ഇദ്ദേഹം പ്രിൻസിപ്പാളായി ചുമതലയേറ്റു. മെഡിക്കൽ കോളജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്നും ഇതിനായി എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ഡോ. ബി പത്മകുമാർ അഭ്യർത്ഥിച്ചു.

പഠിച്ച 5 വർഷവും മെഡിക്കൽ കോളജിലെ കലാപ്രതിഭയായിരുന്നു. ഇന്ത്യൻ റുമറ്റോളജി അസോസിയേഷൻ കേരള ചാപ്റ്ററിന്റ പ്രസിഡന്റ്‌, ഐ എം എ എത്തിക്കൽ കമ്മിറ്റി മെമ്പർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. അച്ഛൻ സഹകരണ വകുപ്പിൽ ഡെപ്യൂട്ടി രജിസ്റ്റാർ ആയിരുന്ന പരേതനായ കെ പി ബാലസുന്ദരം. അമ്മ വി സി ഭാനുമതിയമ്മ. പേരൂർക്കട ഇ എസ് ഐ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. മീരയാണ് ഭാര്യ. മകൻ കാർത്തിക് ചരിത്രത്തിൽ ഗവേഷണ വിദ്യാർത്ഥിയാണ്.

Related Articles

Back to top button