സ്ഥലം ഏറ്റെടുത്തു നൽകൂ…വികസനം നടപ്പിലാക്കാം.. ചങ്കുറപ്പുള്ള പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്ന് സുരേഷ്‌ഗോപി…
സ്ഥലം ഏറ്റെടുത്തു നൽകിയാൽ വികസനം നടപ്പിലാക്കാൻ ചങ്കുറപ്പുള്ള പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി. തിരഞ്ഞെടുപ്പിൽ ജയിച്ചവർ മാത്രമല്ല വികസന പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങേണ്ടതെന്നും ജയിച്ചവരും തോറ്റവരും ഒന്നിച്ച് പരിശ്രമിക്കുമ്പോഴാണ് ജനങ്ങൾക്ക് നന്മയുണ്ടാകുന്നതെന്നും സുരേഷ്‌ഗോപി പറഞ്ഞു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നവീകരിച്ച ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 10 വർഷത്തിനിടെ ഉണ്ടായ വികസനം എംഎൽഎയെയും എംപിയെയും ഉത്തേജിപ്പിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. ചിറയിൻകീഴിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ ആവശ്യമെങ്കിൽ പ്രധാനമന്ത്രിയെയും റെയിൽവേമന്ത്രിയെയും അറിയിച്ച് അത് നടപ്പിലാക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞു.
വന്ദേഭാരത് ട്രെയിനുകൾ ഓടുമ്പോൾ മറ്റു ലോക്കൽ ട്രെയിനുകൾ പിടിച്ചിടേണ്ട സാഹചര്യം നിലവിലുണ്ട്. അത് ഒഴിവാക്കാൻ പാത ഇരട്ടിപ്പിക്കലാണ് പരിഹാരം. അതിനുള്ള സ്ഥലം ഏറ്റെടുത്തു നൽകിയാൽ വികസനം നടപ്പിലാക്കാൻ ചങ്കുറപ്പുള്ള പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്നും സുരേഷ്‌ഗോപി പറഞ്ഞു.