‘മറ്റാരെങ്കിലും ക്രെഡിറ്റ് എടുക്കുന്നതിന് മുൻപ് ചാടിവീഴുക എന്നത് ട്രംപിന്റെ ശീലമാണ്’… വിമർശനവുമായി ജോൺ ബോൾട്ടൺ…

ഇന്ത്യ-പാക് സംഘർഷം മൂർച്ഛിച്ച വേളയിൽ താൻ ഇടപെട്ടാണ് വെടിനിർത്തൽ സാധ്യമാക്കിയതെന്ന ട്രംപിൻ്റെ വാദത്തെ വിമർശിച്ച് യുഎസ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ. എല്ലാത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള പ്രവണത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം (ഡൊണാൾഡ് ട്രംപ്) ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്ക് റൂബിയോയും സംഭാഷണത്തിൽ പങ്കെടുത്തിരുന്നു. വിഷയത്തിൽ എന്താണ് തങ്ങൾക്ക് ചെയ്യാൻ സാധിക്കുക എന്ന് അറിയാൻ മറ്റു രാജ്യങ്ങളും വിളിച്ചിട്ടുണ്ടാകുമെന്ന് എനിക്കുറപ്പാണ്. മറ്റാരെങ്കിലും ക്രെഡിറ്റ് എടുക്കുന്നതിന് മുൻപ് ചാടിവീഴുക എന്നത് ട്രംപിന്റെ ശീലമാണ്. ചിലപ്പോഴിത് അസ്വസ്ഥാജനകമായിരിക്കും. പലരെയും സ്വസ്ഥരാക്കിയേക്കും. എന്നാൽ, ഇതിൽ ഇന്ത്യക്കെതിരായി ഒന്നുമില്ല. ട്രംപ്, ട്രംപ് ആകുന്നതാണ്’, ബോൾട്ടൺ പറഞ്ഞു.

നാലുദിവസം നീണ്ട അതിർത്തിയിലെ സംഘർഷത്തിന് പിന്നാലെ മേയ് പത്താം തീയതിയാണ് ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ ധാരണയിലേക്ക് എത്തിച്ചേർന്നത്. ഏപ്രിൽ 22-ാം തീയതിയിലെ പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി മേയ് ഏഴാം തീയതി ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒൻപത് ഭീകരകേന്ദ്രങ്ങൾ തകർത്തിരുന്നു. ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു നേപ്പാളി പൗരൻ ഉൾപ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്.

Related Articles

Back to top button