ഇഡി ഓഫീസ് കേന്ദ്രീകരിച്ച് നടന്നത് വൻ തട്ടിപ്പ്… മുപ്പത് കോടിയിലേറെ രൂപ കൈക്കൂലി വാങ്ങി…
ഇഡി ഓഫീസ് കേന്ദ്രീകരിച്ച് നടന്നത് വൻ തട്ടിപ്പ്. കേസ് ഒത്തുതീർപ്പാക്കലിൻറെ പേരിൽ മുപ്പത് കോടിയിലേറെ രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് വിജിലൻസ് നിഗമനം. ഒന്നാം പ്രതിയായ ഇഡി അസിസ്റ്റൻറ് ഡയറക്ടറെ കേസുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ ഇനിയും കിട്ടാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായി തുടരുകയാണ്. അറസ്റ്റിലായ മൂന്നാം പ്രതി മുകേഷ് എറണാകുളം ജില്ലയിലെ പുത്തൻവേലിക്കരയിൽ ഭൂമി വാങ്ങിയത് തട്ടിപ്പ് പണം കൊണ്ടാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

2016 മുതൽ സംഘം തട്ടിപ്പ് തുടങ്ങിയിട്ടുണ്ടെന്നും വിജിലൻസിന് വിവരമുണ്ട്. സമീപകാലത്ത് ഇഡി കൈകാര്യം ചെയ്ത പല സാമ്പത്തിക കുറ്റകൃത്യ കേസുകളിലെയും കക്ഷികളിൽ നിന്ന് വിജിലൻസ് വിവര ശേഖരണം തുടരുകയാണ്. തട്ടിപ്പ് സംഘം കൈക്കൂലി ആവശ്യപ്പെട്ട വിവരം പലരിൽ നിന്നും കിട്ടിയിട്ടുണ്ടെങ്കിലും ആരും ഇതുവരെ രേഖാമൂലം പരാതി നൽകാൻ തയാറായിട്ടില്ല. അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധന പൂർത്തിയാകുന്നതോടെ ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥനെ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.



