മന്ത്രി ചിഞ്ചുറാണി എത്താൻ വൈകി…രാജ്മോഹൻ ഉണ്ണിത്താൻ പിണങ്ങിപ്പോയി..
മന്ത്രി ചിഞ്ചുറാണി എത്താൻ വൈകിയതോടെ രാജ്മോഹൻ ഉണ്ണിത്താൻ എംപി പിണങ്ങി വേദിവിട്ടുപോയി. മുളിയാർ ബോവിക്കാനത്ത് അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് സംഭവം. പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത് മന്ത്രി ചിഞ്ചുറാണിയായിരുന്നു. പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു എംപിയായ രാജ്മോഹൻ ഉണ്ണിത്താൻ. കൃത്യസമയത്ത് തന്നെ എംപി എത്തി. എന്നാൽ മന്ത്രി എത്താൻ പിന്നെയും വൈകി. ഇതോടെയാണ് രാജ്മോഹൻ ഉണ്ണിത്താൻ പിണങ്ങിപ്പോയത്.
ജില്ലാപഞ്ചായത്തും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി ഒന്നരക്കോടി രൂപ ചെലവിൽ പണിത എബിസി (അനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രത്തിന്റെ ഉദ്ഘാടനമായിരുന്നു ഇന്നലെ ഉച്ചക്ക് നിശ്ചയിച്ചിരുന്നത്. നോട്ടീസിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് കെട്ടിടോദ്ഘാടനമെന്നാണ് വെച്ചിരുന്നത്. മുഖ്യാതിഥിയായ രാജ്മോഹൻ ഉണ്ണിത്താൻ എംപി 2.30-ന് മുമ്പുതന്നെ സ്ഥലത്തെത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും മറ്റ് ജനപ്രതിനിധികളും കൃത്യസമയത്തുതന്നെ എത്തി. ജനപ്രതിനിധികളോടും പൊതുപ്രവർത്തകരോടും സൗഹൃദം പങ്കിട്ടും എബിസി കേന്ദ്രത്തിന്റെ സൗകര്യങ്ങൾ നോക്കിക്കണ്ടും രാജ്മോഹൻ ഉണ്ണിത്താൻ എംപി ഒന്നേകാൽ മണിക്കൂറോളം സ്ഥലത്ത് ചെലവഴിച്ചു. മറ്റ് പരിപാടികൾക്കും എംപിക്ക് പോകാനുണ്ടായിരുന്നു. മന്ത്രിയായാലും ഇത്രയും വൈകരുതെന്ന് പറഞ്ഞ് 3.40-ന് എംപി കാറിൽ കയറി.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ എന്നിവർ എംപിയെ അനുനയിപ്പിക്കാൻ കാറിന് സമീപമെത്തി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മന്ത്രി ജെ.ചിഞ്ചുറാണി നാലോടെയാണ് സ്ഥലത്തെത്തിയത്. അധ്യക്ഷനായ സി.എച്ച്.കുഞ്ഞമ്പു എംഎൽഎ മന്ത്രിക്കൊപ്പമാണ് സ്ഥലത്തെത്തിയത്. അതിനു ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. മന്ത്രി വൈകിയതിനെത്തുടർന്ന് റിപ്പോർട്ട് അവതരണവും ആശംസ പ്രസംഗവും പൂർണമായും ഒഴിവാക്കിയിരുന്നു.
മന്ത്രി ചിഞ്ചുറാണിയും രാജ്മോഹൻ ഉണ്ണിത്താനും ഒരേനാട്ടുകാരാണ്. കൊല്ലംകാരനായ രാജ്മോഹൻ ഉണ്ണിത്താൻ രണ്ടു തവണയായി കാസർകോട് നിന്നുള്ള ലോക്സഭാംഗമാണ്. ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി നാട്ടുകാരനായ രാജ്മോഹൻ ഉണ്ണിത്താൻ എംപി എന്നാണ് വിശേഷിപ്പിച്ചത്.