ഈ സ്ത്രീയെ എൻ.ഐ.എ നിരീക്ഷിക്കുക… ജ്യോതിയെ കുറിച്ച് ഒരു വർഷം മുന്നേ മുന്നറിയിപ്പ് നൽകിയ ഒരു മനുഷ്യൻ സൈബറിടങ്ങളിൽ ചർച്ചയാകുന്നു..

പാകിസ്ഥാന് വേണ്ടി ചാരപ്പണി ചെയ്തതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹരിയാന സ്വദേശിനി ജ്യോതി മൽഹോത്രയെ കുറിച്ച് ഒരു വർഷം മുമ്പ് തന്നെ ഒരാൾ സമൂഹ മാധ്യമത്തിൽ നൽകിയ മുന്നറിയിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. കപിൽ ജെയിൻ എന്നയാൾ തന്റെ പ്രൊഫൈലിൽ എൻ.എ.ഐയെ ടാഗ് ചെയ്തായിരുന്നു പോസ്റ്റ് പങ്കുവെച്ചത്. ജ്യോതിയുടെ യൂട്യൂബ് ചാനലിന്റെ ഹോം പേജിന്റെ സ്‌ക്രീൻ ഷോട്ട് അടക്കം എക്സിൽ പങ്കുവെച്ചായിരുന്നു ഈ സ്ത്രീയെ സൂക്ഷിക്കണമെന്ന് കപിൽ ജെയിൻ മുന്നറിയിപ്പ് നൽകിയിരുന്നത്.

ഈ സ്ത്രീയെ എൻ.ഐ.എ നിരീക്ഷിക്കുക. പാകിസ്ഥാൻ എംബസിയിലെ ഒരു ചടങ്ങിൽ ഇവർ പങ്കെടുത്തിരുന്നു. അതിനുശേഷം 10 ദിവസം ഇവർ പാകിസ്ഥാൻ സന്ദർശിച്ചു. ഇപ്പോൾ അവർ കശ്മീരിലേക്ക് പോയിരിക്കുകയാണ്. ഇവ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടായിരിക്കണം- കപിൽ ജെയിൻ തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു. ജ്യോതി അറസ്റ്റിലായതിന് പിന്നാലെ ഈ പോസ്റ്റും വളരെ വേ​ഗം ചർച്ചകളിൽ നിറയുകയായിരുന്നു.

പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായിരുന്ന ഡാനിഷ് മുഖേന പാക് ചാരസംഘടനയ്ക്ക് വിവരങ്ങൾ ചോർത്തിനൽകിയതിനാണ് ജ്യോതിയെ അറസ്റ്റ് ചെയ്തത്. മൂന്നു തവണ യുവതി പാകിസ്ഥാൻ സന്ദർശിച്ചതായും പാക് ചാരസംഘടനയിൽപ്പെട്ടവരുമായി സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ പാകിസ്ഥാനെക്കുറിച്ച് നല്ലത് പറയുക എന്ന ചുമതലയും പാക് ഏജൻസികൾ ജ്യോതിയെ ഏൽപ്പിച്ചുവെന്നാണ് സൂചനകൾ.

2023ൽ ഡൽഹിയിൽ വച്ചാണ് ജ്യോതി പാക് ഹൈക്കമ്മീഷനിലെ ഡാനിഷിനെ പരിചയപ്പെടുന്നത്. ഡാനിഷുമായി സംസാരിക്കുന്നതിന്റെയും സൗഹൃദം പങ്കിടുന്നതിന്റൈയും വീഡിയോ ജ്യോതി പങ്കുവച്ചിട്ടുണ്ട്. ഇയാളെയും ഭാര്യയെയും യുവതി വീട്ടിലേക്ക് ക്ഷണിക്കുന്നതും വീഡിയോയിൽ കാണാം. ചാരവൃത്തി നടത്തിയതിന് ഇന്ത്യയിൽ നിന്ന് പുറത്താക്കിയ പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനാണ് ഇഹ്സാനു റഹീം എന്ന ഡാനിഷ്. ഇയാളുമായി പരിചയപ്പെട്ട അതേ വർഷം ജ്യോതി ആദ്യമായി പാകിസ്ഥാനിലെത്തി.

മൂന്ന് വട്ടം പാകിസ്ഥാൻ സന്ദർശിച്ച ജ്യോതി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ടെലിഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ സാമൂഹികമാധ്യമങ്ങൾ വഴിയാണ് പാക് ചാരസംഘടനയിലെ അംഗങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നത് പാകിസ്ഥാൻ യാത്രയ്ക്കും താമസത്തിനും സൗകര്യം ചെയ്തു നൽകിയത് ഡാനിഷും സുഹൃത്തുക്കളുമാണ്. ഇവർ വഴി ജ്യോതി പാകിസ്താൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി പരിചയപ്പെട്ടു. ഇന്ത്യൻ പോലീസിനോ സൈന്യത്തിനോ സംശയം തോന്നാതിരിക്കാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ നമ്പറുകൾ മറ്റ് പേരുകളിലായിരുന്നു സേവ് ചെയ്തിരുന്നത്. പാക് ചാരനൊപ്പം ജ്യോതി ഇന്തോനേഷ്യയിലെ ബാലി സന്ദർശിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.

യൂട്യൂബിൽ 3.70 ലക്ഷം സബ്സ്‌ക്രൈബേഴ്സും ഇൻസ്റ്റഗ്രാമിൽ 1.32 ലക്ഷം ഫോളോവേഴ്സുമുള്ള ട്രാവൽ വ്ളോഗറാണ് ജ്യോതി മൽഹോത്ര. ഇക്കഴിഞ്ഞ മാർച്ചിലും യുവതി പാകിസ്ഥാൻ സന്ദർശിക്കുകയും അവിടെനിന്നുള്ള വീഡിയോകൾ പങ്കുവെയ്ക്കുകയുംചെയ്തിരുന്നു. അതേസമയം, മകളെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ജ്യോതിയുടെ പിതാവ് ഹരീഷ് മൽഹോത്ര മാധ്യമങ്ങളോട് പ്രതികരിച്ചു. ആവശ്യമായ എല്ലാ അനുമതിയും ലഭിച്ചശേഷം സാധുവായ വിസ സഹിതമാണ് മകൾ പാകിസ്താനിലേക്ക് പോയതെന്ന് ഹരീഷ് പറഞ്ഞു. ഇന്ന് മകളോട് സംസാരിച്ചിരുന്നു. പപ്പ, എനിക്ക് സുഖമാണ്, എന്നെ തെറ്റായി കേസിൽപ്പെടുത്തിയതാണ് എന്നാണ് മകൾ പറഞ്ഞതെന്നും അദ്ദേഹം പ്രതികരിച്ചു.

Related Articles

Back to top button