നേതാക്കളെ മണിയടിച്ച് കുറുക്കുവഴികളിലൂടെ നേതൃസ്ഥാനത്തെത്തിയവരെ ഡിസിസി പ്രസിഡന്റാക്കരുത്…

കോൺഗ്രസ് പുനഃസംഘടനയിൽ സംശയം പ്രകടിപ്പിച്ച് ഇടുക്കി വൈസ് പ്രസിഡന്റിന്റെ ഫേസ്ബുക്ക് കുറിപ്പ്. പുനഃസംഘടയിൽ എന്തായിരിക്കും മാനദണ്ഡമെന്നും ഇടുക്കിയിലെ ചില നേതാക്കൾ മത സാമുദായിക നേതാക്കളുടെ പിന്തുണ തങ്ങൾക്കാണന്ന് അവകാശപ്പെട്ട് ഇറങ്ങിയത് അപഹാസ്യമാണെന്നും ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹൻ ഫേസ്ബുക്കിൽ കുറിച്ചു. അർഹതയാണ് മാനദണ്ഡമെങ്കിൽ മതത്തെയും സമുദായത്തെയും മാറ്റി നിർത്തേണ്ടി വരും. മറിച്ച്, മതവും സമുദായവുമാണ് മാനദണ്ഡമെങ്കിൽ അർഹതയും മതേതര മുല്യങ്ങളും പാടേ ഉപേക്ഷിക്കേണ്ടിവരും. ഒരു പ്രമുഖ നേതാവ് അവകാശപ്പെടുന്നത് മൂന്ന് ബിഷപ്പുമാരുടെ പിൻതുണ തനിക്കുണ്ടന്നാണ്. മൂക്കാതെ പഴുത്ത മറ്റൊരാൾ പറയുന്നത് ഈഴവ സമുദായത്തിന്റെ പിൻതുണ തനിക്കാണന്നും പുതുമുഖ പരിഗണനയിൽ തന്നെ പ്രസിഡന്റാക്കണമെന്നുമാണ്- മുകേഷ് മോഹൻ കുറിച്ചു.
ഡിസിസിയുടെ പ്രസിഡന്റ് ജില്ലയിലെ കോൺഗ്രസിന്റെ മുഖമാണ്. അവിടെ പ്രതിഷ്ടിക്കേണ്ടത് കോൺഗ്രസുകാരനെയാണ്. അല്ലാതെ ഇന്നലെ പ്രസ്ഥാനത്തിന്റെ ഭാഗമായി നേതാക്കളെ മണിയടിച്ച് കുറുക്കുവഴികളിലൂടെ നേതൃസ്ഥാനത്തെത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ ഗിമ്മിക്കിക്കുകാട്ടി മത സാമുദായിക ലേബലിൽ നടക്കുന്നവരെയും രാഷ്ട്രീയ എതിരാളികളുമായി എന്ത് വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകുന്നവരെയും ആകരുതെന്നും അദ്ദേഹം വ്യക്തമാക്കി.



