മനുഷ്യക്കടത്തിന്റെ ഇര.. മലേഷ്യയില്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍.. .മിനി നാടണയും…

മനുഷ്യക്കടത്തിനിരയായി മലേഷ്യയിലെത്തി അപകടം സംഭവിച്ച മലയാളി മിനി ഭാര്‍ഗവനെ (54) നാട്ടിലേക്ക് മടങ്ങാൻ അവസരം ഒരുങ്ങുന്നു. ഗാര്‍ഹിക ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന മിനിയെ എയര്‍ആംബുലന്‍സ് ഉപയോഗിച്ച് നാട്ടിലേക്ക് എത്തിക്കും. ഇതിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി.

മാര്‍ച്ച് ഏഴാം തീയതിയാണ് ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്നും പൊള്ളലേറ്റ് നിലയില്‍ മിനിയെ പെനാങ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടത്തെ കുറിച്ച് തൊഴിലുടമ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. മിനിയെ തുടര്‍ച്ചായായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതായതോടെയാണ് കുടുംബം ലോക കേരള സഭയുമായി ബന്ധപ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.ലോക കേരള സഭ അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ ആത്മേശന്‍ പച്ചാട്ടിന്റെ പ്രാഥമികാന്വേഷണത്തിലാണ് മിനിയെ കണ്ടെത്തിയത്. ഈ സമയം അപകടം സംഭവിച്ച് രണ്ടുമാസത്തിലധികമായിരുന്നു. ഇരുപത്താറ് ശതമാനത്തോളം ഗുരുതരമായ പൊള്ളലേറ്റ്, വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വാസോച്ഛ്വാസം പോലും വീണ്ടെടുക്കാനാവാതെ അബോധാവസ്ഥയില്‍ ആയിരുന്നു ഈ സമയം മിനി. ചികിത്സയില്‍ തുടരുന്നതിനെടെ ശ്വാസകോശത്തിലെ അണുബാധയും വൃക്ക സംബന്ധമായ അസുഖങ്ങളും മൂര്‍ച്ഛിച്ചതോടെ മിനിയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാക്കി.

മലേഷ്യയിലെ ഇന്ത്യന്‍ ഹെറിറ്റേജ് സൊസൈറ്റി മുഖേന വിഷയം ഇന്ത്യന്‍ എംബസിക്ക് മുന്നിലെത്തുകയും തുടരന്വേഷണത്തില്‍ മനുഷ്യ കടത്ത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരികയും ചെയ്തു. ജോലി വിസ നല്‍കാമെന്ന വ്യാജേന ഗാര്‍ഹിക തൊഴിലാളികളായി സന്ദര്‍ശക വിസയില്‍ മിനിയുടെ സഹോദരിയടക്കം നാല്‍പ്പത്തി രണ്ട് സ്ത്രീകളെ മലേഷ്യയില്‍ എത്തിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഏജന്റിന്റെ വീട്ട് തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന സഹോദരിയെയും മറ്റൊരു സ്ത്രീയെയും എംബസിയുടെ നേതൃത്വത്തില്‍ പ്രത്യേക ഷെല്‍ട്ടറിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികളും ആരംഭിച്ചിട്ടുണ്ട്.

മനുഷ്യക്കടത്തിനെതിരെയുള്ള നിയമ നടപടികളുടെ ബലത്തില്‍ ഇരയെ നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചിലവും തൊഴിലുടമയെ കൊണ്ട് വഹിപ്പിച്ചാണ് ഇപ്പോള്‍ മിനിയുടെ മടക്കയാത്ര വേഗത്തിലാക്കിയിരിക്കുന്നത്. ഷെഡ്യൂള്‍ ചെയ്തത് പ്രകാരം മെയ് 22 ന് രാത്രി മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേക എയര്‍ ആംബുലന്‍സില്‍ മിനിയെ കൊച്ചിയിലെത്തിക്കും.

Related Articles

Back to top button