അമ്മ തയ്യൽക്കാരി,അച്ഛൻ സ്വകാര്യ മില്ലിലെ തൊഴിലാളി.. അകക്കണ്ണിലെ വെളിച്ചം ആകാശിന് തുണയായി..ബ്രെയിൻ ലിപി പിന്തുടർന്ന് കൊച്ചു മിടുക്കൻ നേടിയത് സമാനതകളില്ലാത്ത വിജയം..
പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ പ്രതിസന്ധികളെ അതിജീവിച്ച് മധുരയിലെ ബി ആകാശ്, തേനിയിലെ എം. നന്ദേഷ് എന്നീ രണ്ട് കാഴ്ചയില്ലാത്ത വിദ്യാർത്ഥികൾക്ക് മിന്നും വിജയം. ഇരുവരും 500 ൽ 471 മാർക്ക് വീതം കരസ്ഥമാക്കി.
തേനി ബോഡിനായക്കന്നൂർ മുനിസിപ്പാലിറ്റി ഹൈസ്കൂളിലെ വിദ്യാർത്ഥിയായ നന്ദേഷ് സ്കൂളിൽ ഒന്നാമതെത്തുകയും സോഷ്യൽ സയൻസിന് നൂറ് ശതമാനം മാർക്ക് നേടുകയും ചെയ്തു. ദിവസവേതനക്കാരായ മണികണ്ഠനും രേവതിയുമാണ് നന്ദേഷിന്റെ മാതാപിതാക്കൾ. കാഴ്ചാ വൈകല്യത്തോടെ ജനിച്ചെങ്കിലും മൊബൈൽ ഫോണിലെ ഓഡിയോ പാഠങ്ങൾ ഉപയോഗിച്ചാണ് അവൻ പഠിച്ചത്. “എനിക്ക് യു.പി.എസ്.സി. പരീക്ഷയിൽ വിജയിക്കണം. ഉന്നത വിദ്യാഭ്യാസത്തിന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സഹായം നൽകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും നന്ദേഷ് പറഞ്ഞു
ദിണ്ടിഗൽ അയ്യമ്പട്ടി സ്വദേശിയായ ആകാശ്, സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ദി ബ്ലൈൻഡിലെ വിദ്യാർത്ഥിയാണ്. ഒരു തയ്യൽക്കാരിയാണ് അമ്മ കനിമൊഴി. അച്ഛൻ ഒരു സ്വകാര്യ മില്ലിലെ തൊഴിലാളിയും. ബ്രെയിൻ ലിപി രീതി പിന്തുടർന്ന് അധ്യാപകരുടെയും സഹപാഠികളുടെയും സഹായത്തോടെ പാഠങ്ങൾ ഉറക്കെ വായിച്ചാണ് ആകാശ് പഠിച്ചത്. ക്ലാസിൽ എന്നും ആദ്യ മൂന്ന് റാങ്കുകളിൽ ഒരാളായിരുന്നു ആകാശ്.
‘ഞാൻ ഹോസ്റ്റലിൽ താമസിച്ചാണ് പഠിച്ചത്. കിട്ടിയ പഠന സമയം പരമാവധി പ്രയോജനപ്പെടുത്തി. പന്ത്രണ്ടാം ക്ലാസിന് ശേഷം ബിഎ ഇംഗ്ലീഷ് പഠിക്കണം. തുടർന്ന് യു.പി.എസ്.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കാനാണ് എന്റെ ആഗ്രഹം, എന്നെ എഴുതാൻ സഹായിച്ചവർക്കും, പ്രധാനാധ്യാപികയ്ക്കും, അധ്യാപകർക്കും, മാതാപിതാക്കൾക്കും നന്ദി’… ആകാശ് പറഞ്ഞു.