യുവ അഭിഭാഷകയെ മർദിച്ച സംഭവം… ബെയ് ലിൻ ദാസിൻ്റെ ജാമ്യാപേക്ഷ 19ലേക്ക് മാറ്റി…

വഞ്ചിയൂർ കോടതി വളപ്പിൽവച്ച് യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച സീനിയർ അഭിഭാഷകൻ ബെയ് ലിൻ ദാസിൻ്റെ ജാമ്യാപേക്ഷ 19ലേക്ക് മാറ്റി. ഇരുവിഭാഗങ്ങളുടേയും വാദ പ്രതിവാദങ്ങൾക്ക് പിറകെയാണ് വിധി പറയാൻ തിങ്കളാഴ്ച്ചയിലേക്ക് മാറ്റിയത്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 12 ആണ് ഇന്ന് ജാമ്യ ഹർജി പരിഗണിച്ചത്. ഇന്നലെ ജില്ലാ സെഷൻസ് കോടതി ബെയ്‍‍ലിൻ ദാസിൻറെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പ്രതിയെ പൊലീസ് അറസ്റ്റുചെയ്തത്.

ജാമ്യഹർജിയെ ഇന്നും പ്രോസിക്യൂഷൻ എതിർത്തു. സ്ത്രീത്വത്തെ അപമാനിച്ച സംഭവം ഗൗരവമുള്ളത് തന്നെ എന്ന് പ്രോസിക്യൂഷൻ വീണ്ടും നിരീക്ഷിച്ചു. ഒരു വക്കീൽ ഓഫീസിന് ഉള്ളിൽ നടന്ന രണ്ട് ജൂനിയർ അഭിഭാഷകരുടെ തർക്കം, അതാണ് ഇത്തരം സംഭവത്തിൽ കലാശിച്ചതെന്ന് പ്രതിഭാ​ഗവും വാദിച്ചു. സുപ്രീംകോടതി വരെ ഇത്തരം സംഭവങ്ങൾ പരിഗണിച്ചത് പരിശോധിക്കണമെന്നും എന്ത് ഉപാധിയോട് ആണെങ്കിലും ജാമ്യം നൽകണമെന്നും പ്രതിഭാ​ഗം ആവശ്യപ്പെട്ടു. എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.

രണ്ടുദിവസമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വാഹനം പിന്തുടർന്നാണ് പിടികൂടിയത്. ഓഫീസിലുണ്ടായ തർക്കത്തിനിടെ തൻറെ മുഖത്ത് പരാതിക്കാരിയാണ് ആദ്യം അടിച്ചതെന്നും അപ്പോഴാണ് തിരിച്ചടിച്ചതെന്നുമാണ് പ്രതി പൊലീസിനോട് പറ‍ഞ്ഞത്.

Related Articles

Back to top button