ഞെട്ടലോടെ കേരളം… പേവിഷബാധയേറ്റ് ഇതുവരെ മരിച്ചത് നാല് കുഞ്ഞുങ്ങൾ
പേവിഷബാധയേറ്റ് മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. ഇതുവരെ മരിച്ചത് നാല് കുഞ്ഞുങ്ങളാണ്. പ്രതിരോധ കുത്തിവയ്പെടുത്തിട്ടും പേവിഷബാധയേറ്റ ബാലിക മരിച്ചതിന്റെ ഞെട്ടലിലാണ് മലയാളികൾ. തെരുവുനായ്ക്കളുടെ സാന്നിധ്യം അനുദിനം പെരുകുന്ന കേരളത്തിലെ നിരത്തുകളിലൂടെ ജീവൻ പണയം വച്ചാണ് കാൽനടക്കാരുടെയും ഇരുചക്ര വാഹനയാത്രക്കാരുടെയും സഞ്ചാരം. തെരുവുനായ്ക്കൾ വീടിനുള്ളിലേക്ക് വരെ ഓടിക്കയറി ആക്രമണം നടത്തുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ഏറ്റവും വേദനയേറിയ അവസ്ഥയാണ് പേവിഷബാധ. പേവിഷബാധയേറ്റ് ഈ വർഷം മാത്രം സംസ്ഥാനത്ത് മരിച്ചത് നാല് കുഞ്ഞുങ്ങൾ. ആലപ്പുഴയിലെ സാവൻ, പത്തനംതിട്ടയിലെ ഭാഗ്യലക്ഷ്മി, മലപ്പുറത്തെ സിയ, കൊല്ലത്തെ നിയ എന്നിവരാണ് മരിച്ചത്. കൊച്ചുമക്കൾക്ക് കാവലിരുന്നതാണ് നൂറനാട്ടെ റിട്ട അധ്യപക ദമ്പതികളായ കൊച്ചുകുഞ്ഞും സരസമ്മയും. സ്കൂളിലേക്കും തിരിച്ചുമുള്ള വഴിയിലെല്ലാം മുത്തച്ഛനും മുത്തശ്ശിയും ഒപ്പം നടന്നു. ഒരു പോറൽ പോലും എൽക്കാതെ നോക്കി. എന്നിട്ടും ഫെബ്രുവരിയിലെ ഒരു രാത്രി സാവൻ പനിച്ചുവിറച്ചു. പിച്ചുംപേയും പറഞ്ഞു. വായിൽ നിന്ന് നുരയും പതയും വന്നു. കാരണമന്താണെന്ന് അറിയാതെ വീട്ടുകാർ അന്ധാളിച്ചു. ആശുപത്രിയിലേക്കോടി. മൂന്നാം ദിനമാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരി 10ന് സാവൻ മരിച്ചു. ശരീരത്തിൽ ഒരു പോറൽ പോലുമില്ലായിരുന്നെന്ന് സാവന്റെ അച്ഛന്റെ അമ്മ സരസമ്മ പറയുന്നു.
ചലിക്കുന്ന വസ്തുക്കളെ പിന്തുടരുന്നതാണ് നായകളുടെ രീതി. കൂട്ടം കൂട്ടിയാൽ അക്രമവാസന കൂടും. സ്ഥിരമായി ഒരിടത്ത് കൂട്ടം കൂടിയാൽ,
മറ്റാരെ കണ്ടാലും ആക്രമിക്കാൻ ശ്രമിക്കും. പേടിച്ചോടുമ്പോൾ പിന്തുടർന്ന് കടിക്കും. ഉയരം കുറവായതിനാൽ കുഞ്ഞുങ്ങൾക്ക് പലപ്പോഴും
കടിയേൽക്കുന്നത് മുഖത്തും തലയിലുമുൾപ്പടെയാണ്. ഇത് ഞരമ്പിലേക്ക് ആഴ്ന്നിറങ്ങുന്ന കാറ്റഗറി 3 മുറിവുണ്ടാകാൻ സാധ്യതയേറേയാണ്.
വനത്തോട് ചേർന്നുള്ള മേഖലകളിൽ കുറുനരി, ചെന്നായ തുടങ്ങിയ വന്യജീവികളിൽ നിന്ന് നായകൾക്ക് പേവിഷബാധയേൽക്കാൻ സാധ്യയേറെയാണ്. ചൂട് കാലത്ത് ഇത് കൂടും. അടുത്തിടെ പേവിഷകേസുകൾ കൂടിയത് ഇതിന് തെളിവാണ്. അലക്ഷ്യമായി ഒറ്റയ്ക്ക് ഓടി നടന്ന് കടിക്കുന്നതാണ് പേനായകളുടെ ഒരു ലക്ഷണം. രണ്ട് വർഷം വരെയാണ് റാബീസ് വൈറസിന്റെ ഇൻക്യുബേഷൻ കാലയളവ്. നായകടിയേറ്റാൽ പേടി കാരണം കുഞ്ഞുങ്ങൾ വീട്ടിൽ പറയാത്ത സംഭവങ്ങൾ പോലുമുണ്ടായിട്ടുണ്ട്. കുഞ്ഞുങ്ങളുടെ പേടി മാറ്റുക, പ്രാഥമിക ചികിത്സ കൃത്യമായി ഉറപ്പാക്കുക, പ്രതിരോധ വാക്സിനുകൾ നിർബന്ധമായുമെടുക്കുക. നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ നമുക്ക് മുന്നിലുള്ള വഴികൾ ഇതൊക്കെയാണ്.
നായയുടെ കടിയേറ്റാൽ ചെയ്യേണ്ടത്….
കടിയേറ്റാൽ പ്രാഥമിക ചികിത്സ പ്രധാനം
15 മിനിറ്റെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം
പിന്നെ മുറിവിന് അനുസരിച്ച് വാക്സിനും സിറവും കുത്തിവയ്ക്കണം
പേടിച്ചരണ്ട കുഞ്ഞുങ്ങളിൽ ഇതെല്ലാം അതീവ ശ്രദ്ധയോടെ ചെയ്യണം
പ്രതിരോധ വാക്സിനുകൾ നിർബന്ധമായും എടുക്കുക