ബോംബ് ഉണ്ടാക്കി പരീക്ഷണം… രണ്ട് ഐ.എസ് സ്ലീപ്പർ സെൽ അംഗങ്ങളെ എൻഐഎ അറസ്റ്റ് ചെയ്തു…

ബോംബ് ഉണ്ടാക്കി പരീക്ഷിച്ചുവെന്ന കേസിലെ രണ്ട് ഐ.എസ് സ്ലീപ്പർ സെൽ അംഗങ്ങളെ എൻഐഎ അറസ്റ്റ് ചെയ്തു. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ഇവരെ എൻഐഎ പിടികൂടിയത്. 2023-ലെ ഐഇഡി(ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്‌) കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇവരെ ഏറെനാളായി എൻഐഎ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

2023-ലായിരുന്നു സംഭവം നടന്നത്. പുണെയിലെ അബ്ദുള്ള ഫയാസ് ഷെയ്ക്കിന്റെ വീട്ടിൽ വെച്ചായിരുന്നു ഇവർ ബോംബുണ്ടാക്കിയത്. തുടർന്ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ അത് പരീക്ഷിക്കുകയും ചെയ്തു.

സംഭവത്തിൽ അന്വേഷണം തുടങ്ങിയതോടെ ഒളിവിൽ പോയ ഇവർ പിന്നീട് ഇന്തൊനേഷ്യയിലേക്ക് കടന്നു. അവിടെ ഒളിവിൽ കഴിയുകയായിരുന്നു. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് മൂന്നുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നതാണ്. ഇവരുൾപ്പെടെ എട്ടുപേർക്കെതിരെയാണ് കേസെടുത്തിരുന്നത്. ബാക്കിയുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു.

ഡയപ്പർവാല എന്ന വിളിപ്പേരുള്ള അബ്ദുള്ള ഫയാസ് ഷെയ്ക്ക്, തൽഹ ഖാൻ എന്നിവരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാമത്തെ ടെർമിനലിൽ നിന്നാണ് ഇവരെ എൻഐഎ കസ്റ്റഡിയിലെടുത്തത്. ഇന്തോനേഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങവെ ആണ് പിടിയിലായത്.

Related Articles

Back to top button