‘കൊന്നു ബോണറ്റിൽ കയറ്റാൻ മാത്രം എന്ത് തെറ്റാ എന്റെ മോൻ ചെയ്തത്, അവനെ കൊല്ലണ്ടായിരുന്നു, ഒരുപാവം കൊച്ചാ, വെറുതെ വിട്ടൂടായിരുന്നോ’;
നെടുമ്പാശ്ശേരിയിൽ അങ്കമാലി സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായാണെന്ന് തെളിയിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. പ്രതികളായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ കാറിടിച്ച് തെറിപ്പിക്കുകയും ബോണറ്റിൽ കയറ്റി ഒരു കിലോമീറ്ററോളം ദൂരം വലിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അങ്കമാലി ആരിശ്ശേരിയിൽ ഐവിൻ ജോജോ എന്ന 24 കാരനെ ക്രൂരമായി കൊലപ്പെടുത്താൻ ഇടയാക്കിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ എസ്ഐ തസ്തികയിൽ ജോലി ചെയ്യുന്ന വിനയ കുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
തന്റെ മകൻ ഒരുവഴക്കിനും പോകാത്തയാളാണെന്നും ഒരാൾ കൂട്ടില്ലാതെ പുറത്തേക്ക് പോലും ഇറങ്ങാത്ത അവനെ എന്തിന് കൊലപ്പെടുത്തിയെന്ന് ഇപ്പോഴും അറിയില്ലെന്ന് ഐവിന്റെ മാതാവ് റോസ്മേരി ജിജോ പറഞ്ഞു.
“അവനെ ഒരിക്കലും കൊല്ലുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ല. വാക്കുതർക്കം ഉണ്ടായെന്ന് കേട്ടപ്പോൾ അടിപിടിയിൽ എന്തെങ്കിലും പരിക്കുണ്ടാകുമെന്നല്ലാതെ കൊന്ന് ബോണറ്റിൽ കയറ്റിവെച്ചെന്നും വിശ്വസിക്കാൻ ഞങ്ങൾക്ക് അപ്പോ കഴിഞ്ഞില്ല. അവൻ ഒരു പാവം കൊച്ചാണ്, ആരെയും കൂട്ടില്ലാതെ പുറത്തുപോലും പോവാറില്ല. വീടും ജോലി ചെയ്യുന്ന സ്ഥലമല്ലാതെ വേറെ ഒരു കൂട്ടും അവനില്ല. ഒരു തമ്മിൽ തല്ലോ വഴക്കിനോ പോകാറില്ല. കള്ളുകുടിയോ കഞ്ചാവോ ഒന്നുമില്ലാത്ത കൊച്ചാണ്. എല്ലാവരോടും സ്നേഹമുള്ള കൊച്ചാണ്. നീ ഇങ്ങനെ പാവമാവല്ലടാ ആളുകൾ കബളിപ്പിക്കുമെടാന്ന് ഞങ്ങൾ പറഞ്ഞുകൊടുക്കാറുണ്ടായിരുന്നു. ആ കൊച്ചിനെയാണ് കൊന്നിരിക്കുന്നേ.. ആക്സിഡന്റ് പറ്റിയിരുന്നേൽ ഇങ്ങനെയുണ്ടാകുമായിരുന്നില്ല. ഞങ്ങളാരും ഒരു തെറ്റും ചെയ്തിട്ടില്ല. മെഡിക്കൽ ഫീൽഡിൽ രോഗികളെ രക്ഷിച്ചോണ്ടിരിക്കുന്നവരാണ് ഞാനും ഭർത്താവും. ഞങ്ങളുടെ മകന് തന്നെ ഇത് വന്നു. കൊന്നു ബോണറ്റിൽ കയറ്റിവെക്കേണ്ട ഒരു തെറ്റും ആ പാവം ചെയ്തിട്ടില്ല. ഒരാളെ പൊലും നോവിക്കാത്ത കൊച്ചാ, കൊല്ലണ്ടായിരുന്നു” – റോസ് മേരി മാധ്യമങ്ങളോട് പറഞ്ഞു.
വിമാനക്കമ്പനികൾക്ക് ആഹാരം തയാറാക്കി നൽകുന്ന സ്വകാര്യ കാറ്ററിങ് ഗ്രൂപ്പിൽ 11 മാസം മുൻപാണ് ഐവിൻ ജോലിക്ക് കയറിയത്. നെടുമ്പാശേരിയിൽ തന്നെയായിരുന്നു ജോലി. ഐവിന്റെ പിതാവ് ജിജോ ജെയിംസ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ സീനിയർ ഫിസിയോ തെറാപ്പിസ്റ്റാണ്. മാതാവ് റോസ്മേരി ജിജോ പാലാ ചേർപ്പുങ്കലുള്ള മാർ സ്ലീവാ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നു. ഏക സഹോദരി അലീന ജിജോ ബാങ്കിങ് മേഖലയിൽ പ്രവർത്തിക്കുന്നു.വാക്കുതർക്കം ക്രൂര കൊലപാതത്തിൽ കലാശിച്ചു
കാറുകൾ തമ്മിൽ ഉരസിയതുമായി ബന്ധപ്പെട്ട് നെടുമ്പാശേരി നായത്തോട് ഭാഗത്ത് വെച്ചാണ് പ്രതികളും ഐവിനും തമ്മിൽ തർക്കമുണ്ടായത്. കാർ ഇങ്ങനെയാണോ ഓവർടേക്ക് ചെയ്യുന്നത് എന്ന് ഐവിൻ ചോദിക്കുന്നതും ഇങ്ങനെയാണ് എന്ന് സി.ഐ.എസ്.എഫുകാർ മറുപടി പറയുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. താൻ പൊലീസിനെ വിളിക്കാമെന്നു പറയുന്നതും കേൾക്കാം.
കുറച്ചു സമയത്തെ തർക്കത്തിനു ശേഷം സിഐഎസ്എഫുകാർ കാർ സമീപത്തെ ഒരു വീടിന്റെ മുന്നിലേക്ക് കയറ്റി തിരിച്ചു പോകാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ കാര്യങ്ങൾക്ക് തീരുമാനമുണ്ടാക്കാതെ പോകാൻ പറ്റില്ലെന്ന് വ്യക്തമാക്കി ഐവിൻ ഇവരുടെ കാറിന്റെ മുന്നിൽ കയറി നിന്ന് ഫോണിൽ ഇവരുടെ ദൃശ്യങ്ങൾ പകർത്തി. ഇതോടെ സിഐഎസ്ഫുകാർ ഐവിനെ ഇടിച്ച് തെറുപ്പിച്ച് ബോണറ്റിലേക്കിട്ട് അതിവേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു.
ബോണറ്റിൽ പിടിച്ചു കിടന്ന് നിലവിളിച്ച ഐവിനെ അമിത വേഗതയിൽ ഒരു കിലോമീറ്ററോളം ദൂരമോടിച്ച് രാത്രി 10 മണിയോടെ നായത്തോടുള്ള സെന്റ് ജോൺസ് ചാപ്പലിനും സെന്റ് സെബാസ്റ്റ്യൻ കപ്പേളയ്ക്കും ഇടയിലുള്ള കപ്പേള റോഡിൽ വച്ച് കാർ സഡൻ ബ്രേക്ക് ചെയ്ത് നിലത്തു തള്ളിയിട്ട ശേഷം കാറുകൊണ്ട് ഇടിപ്പിച്ച് കൊലപ്പെടുത്തുന്നതിന് പ്രതികൾ ശ്രമിച്ചു എന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്.