യുപിയിൽ രണ്ട് ദിവസത്തിനിടെ ജനിച്ച 17 കുഞ്ഞുങ്ങൾ രാജ്യത്തിൻറെ അഭിമാനം..
കഴിഞ്ഞ മാസം 22 ന് ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ വെച്ച് 26 വിനോദ സഞ്ചാരികളെ വെടിവെച്ചു വീഴ്ത്തിയ പാകിസ്ഥാന്‍ തീവ്രവാദികള്‍ക്കെതിരെ ഇന്ത്യന്‍ സേന നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍ ‘വലിയ പ്രസിദ്ധി നേടി. ഭീകരവാദികള്‍ അനാഥരും വിധവമാരും ആക്കപ്പെട്ട സ്ത്രീകളോടുള്ള ആദര സൂചകമായാണ് നമ്മുടെ സര്‍ക്കാര്‍ ഈ സൈനിക നടപടിക്ക് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ടത്. ഇന്ത്യന്‍ സേന പാക് തീവ്രവാദ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് രണ്ട് വനിത ഓഫീസര്‍മാര്‍ മാധ്യമങ്ങളോട് വിവരിച്ചതും വൈറലായ സംഭവമാണ്. ഏറ്റവും ഒടുവില്‍ ഉത്തര്‍പ്രദേശിലെ കുഷിനഗര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെയ്10 നും 11 നുമിടയില്‍ ജനിച്ച 17 പെണ്‍കുട്ടികള്‍ക്ക് സിന്ദൂര്‍ എന്നാണ് പേരിട്ടത്.
ഈ മാസം ഏഴിന് അര്‍ദ്ധരാത്രിയിലാണ് പാകിസ്ഥാനിലെ ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത്. അത് കേവലം തിരിച്ചടി മാത്രമല്ല, നമ്മുടെ രാജ്യത്തെ സ്ത്രീകളെ രാജ്യം സംരക്ഷിക്കുന്നതിന്റെ തെളിവുകൂടിയാണ്. ഭര്‍ത്താക്കന്മാരേയും മക്കളേയും സഹോദരന്മാരേയും നഷ്ടപ്പെട്ടവരോടുള്ള ആദരം കൂടിയാണത്. അതുകൊണ്ടാണ് ഞാന്‍ എന്റെ മകള്‍ക്ക് ‘സിന്ദൂര്‍’ എന്ന് പേരിട്ടത്. കുഷി നഗര്‍ സ്വദേശിയായ അര്‍ച്ചന ഷാഹി പറഞ്ഞു. അതില്‍ അഭിമാനമുണ്ടെന്നും അര്‍ച്ചന വ്യക്തമാക്കി.
ഞങ്ങളുടെ പെണ്‍കുട്ടികള്‍ വളര്‍ന്ന് വരുമ്പോള്‍ സിന്ദൂര്‍ എന്ന വാക്കിന്റെ അര്‍ത്ഥവും ചരിത്രവും അവര്‍ തിരിച്ചറിയണം. ആരുടേയും നിര്‍ബന്ധത്താലല്ല ഈ പേരുകള്‍ അമ്മമാര്‍ തങ്ങളുടെ കുട്ടികള്‍ക്ക് നല്‍കിയത്. രാജ്യത്തോടും സേനകളോടുമുള്ള ആദര സൂചകമായിട്ടാണ് അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് സിന്ദൂര്‍ എന്ന പേര് നല്‍കിയതെന്ന് കുഷിനഗര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍ കെ ഷാഹി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.