കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ: ആശുപത്രിക്കെതിരെ നടപടി.. ക്ലിനിക്കൽ രജിസ്ട്രേഷൻ റദ്ദാക്കി…
കൊഴുപ്പ് നീക്കൽ ശസത്രക്രിയക്ക് വിധേയയായ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ, ശസ്ത്രക്രിയ നടത്തിയ കഴക്കൂട്ടത്തെ കോസ്മെറ്റിക് ക്ലിനികിൻ്റെ ക്ലിനിക്കൽ രജിസ്ട്രേഷൻ റദ്ദാക്കി. ലൈസൻസിന് വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് ആശുപത്രിയുടെ രജിസ്ട്രേഷൻ റദ്ദാക്കിയത്. ആശുപത്രിക്കെതിരായ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് ലൈസൻസ് നൽകിയത്. ഇതിനെതിരെ ഗുരുതരാവസ്ഥയിൽ കഴിയുന്ന നീതുവിൻ്റെ കുടുംബം രംഗത്ത് വന്നിരുന്നു. അടിവയറ്റിലെ കൊഴുപ്പ് നീക്കാൻ ശസ്ത്രക്രിയക്ക് വിധേയയായ സോഫ്റ്റ്വെയർ എഞ്ചിനീയറായ യുവതി, ആഴ്ചകളായി ദുരിത ജീവിതം നയിക്കുകയാണ്. അമിതമായ അളവിൽ കൊഴുപ്പ് നീക്കിയതിനാൽ രക്തകുഴലുകളുടെ പ്രവർത്തനം തകരാറിലായി. യുവതിയുടെ ഒൻപത് വിരലുകൾ മുറിച്ചു മാറ്റുകയും ചെയ്തു.
ബന്ധുക്കൾ നൽകിയ പരാതി പ്രകാരം കഴക്കൂട്ടം പൊലീസ് ഡോക്ടർക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തുകയാണ്. ഇതിനിടെ മെയ് അഞ്ചിനാണ് ആശുപത്രിക്ക് ക്ലിനിക്കൽ രജിസ്ട്രേഷൻ നൽകിയത്. അതേസമയം സംഭവത്തിൽ ആശുപത്രിയെ ന്യായീകരിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത് വന്നു. രോഗിക്ക് സംഭവിച്ചത് അത്യപൂർവ്വമായി ഉണ്ടാകാവുന്ന മെഡിക്കൽ സങ്കീർണതയാണെന്നും, ചികിത്സാ പിഴവ് സംഭവിച്ചതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടില്ലെന്നും ഐഎംഎ തിരുവനന്തപുരം ശാഖ പ്രസിഡന്റ് ഡോ ശ്രീജിത്ത് ആർ , സെക്രട്ടറി ഡോ. സ്വപ്ന എസ് കുമാർ എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ വിശദീകരിച്ചു. സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും, ഈ സംഭവത്തിൽ വിദഗ്ധ സമിതി നടത്തുന്ന അന്വേഷണം എത്രയും വേഗം പൂർത്തീകരിച്ച് നടപടി സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ബിഎൻ എസ് 125-ാം വകുപ്പ് പ്രകാരം മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ ചികിത്സ നടത്തിയതിനാണ് കഴക്കൂട്ടം പൊലീസ് ഡോക്ടർക്കെതിരെ കേസ് എടുത്തിട്ടുള്ളത്