കെപിസിസിക്ക് ഇന്നു മുതൽ പുതിയ നേതൃത്വം.. അധികാര കൈമാറ്റം രാവിലെ ഇന്ദിരാ ഭവനിൽ..
സണ്ണി ജോസഫ് എംഎൽഎ കെ പി സി സി പ്രസിഡൻറായി ഇന്ന് ചുമതലയേൽക്കും. വർക്കിംഗ് പ്രസിഡൻറുമാരായ പി സിവിഷ്ണുനാഥ്, എ പി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരും ഇന്നു തന്നെയാണ് ചുമതല ഏൽക്കുന്നത്. ഇതിനൊപ്പം യു ഡി എഫ് കൺവീനറായി അടൂർ പ്രകാശ് എം പിയും ഇന്നുതന്നെ ചുമതലയേറ്റെടുക്കും. ഇതോടെ കേരളത്തിലെ കോൺഗ്രസിൽ കഴിഞ്ഞ കുറേ കാലമായി തർക്കവിഷയമായിരുന്ന നേതൃമാറ്റം പൂർത്തിയാകും.
ഇന്നു രാവിലെ 9.30 ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് പുതിയ നേതൃത്വം ചുമതല ഏറ്റെടുക്കുന്ന ചടങ്ങ്. എ ഐ സി സി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. കെ പി സി സി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ കെ സുധാകരൻ എം പി യോഗത്തിൽ അധ്യക്ഷത വഹിക്കും. കേരളത്തിൻറെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, മുൻ കെ പി സി സി പ്രസിഡൻറുമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. സ്ഥാനാരോഹണ ചടങ്ങുകൾക്ക് മുമ്പായി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ എ കെ ആൻറണിയെ നിയുക്ത ഭാരവാഹികൾ സന്ദർശിക്കും.
പദവി ഏറ്റെടുക്കുന്നതിന് മുന്നോടിയായി മുൻ മുഖ്യമന്ത്രിമാരായ കെ കരുണാകരൻറെ സ്മൃതി മണ്ഡപത്തിലും ഉമ്മൻചാണ്ടിയുടെ കല്ലറയിലും നേതാക്കൾ ഞായറാഴ്ച എത്തിയിരുന്നു. അധ്യക്ഷ പദവിയിലെത്തുന്ന സണ്ണി ജോസഫും വർക്കിങ് പ്രസിഡൻറുമാരുമാണ് കെ കരുണാകരൻറെ സ്മൃതി മണ്ഡപവും ഉമ്മൻ ചാണ്ടിയുടെ കല്ലറയും സന്ദർശിച്ചത്. സണ്ണി ജോസഫിനൊപ്പം വർക്കിങ് പ്രസിഡൻറുമാരായ പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ പി അനിൽകുമാർ എന്നിവരാണ് കെ കരുണാകരൻറെ സ്മൃതി മണ്ഡപത്തിലും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലും എത്തിയത്. പുതിയ നേതൃ നിര പാർട്ടിയെ വീണ്ടും കേരളത്തിൽ അധികാരത്തിലെത്തിക്കുമെന്നാണ് എ ഐ സി സിയുടെ പ്രതീക്ഷ. പുതിയ ടീം വന്നതിൻറെ ആവേശം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഒന്നിച്ച് ചുമതലയേൽക്കുന്നത്.
ഇതിനിടെ കെ മുരളീധരനെതിരെ ഒളിയമ്പ് എയ്തും വെള്ളാപ്പള്ളിയെ വിമർശിച്ചും കെ പി സി സി പ്രഡിഡൻറ് സ്ഥാനത്തേയ്ക്ക് പാർട്ടി പരിഗണിച്ചിരുന്ന ആറോ ആൻറണി ഫേസ്ബുക്ക് കുറിപ്പിട്ടത് ശ്രദ്ധേയമായി. ആന്റോ ആൻറണിയുടെ പേര് അവസാന നിമിഷം വരെ പരിഗണിച്ചെങ്കിലും പാർട്ടിക്ക് അകത്തും പുറത്തും എതിർപ്പ് ഉയർന്നിരുന്നു. തനിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞവർക്കെതിരെയാണ് ആൻറോയുടെ ഫേസ്ബുക്ക് വിമർശനം. വെള്ളാപ്പള്ളി സി പി എമ്മിൻറെയും ബി ജെ പിയുടെയും താൽപര്യ സംരക്ഷകനെന്നാണ് വിമർശനം. വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് പിന്നിൽ ഉപജാകസംഘമെന്ന് പറയുന്ന ആൻറോയുടെ ഉന്നം, തനിക്കെതിരെ നിന്ന പാർട്ടി നേതാക്കൾ തന്നെ. അർഹതയില്ലാതെ ഉന്നത പദവികളിൽ എത്തിയവർ, അധികാരത്തിൻറെ ആർത്തി മൂത്ത് പാർട്ടിയെ പിളർത്തിയവർ എന്നീ പരാമർശങ്ങളും ആന്റോ ഉയർത്തി. ഇത് കെ മുരളീധരനെതിരായ ഒളിയമ്പായി കരുതുന്നവരുണ്ട്.