‘ഒറ്റുകാരൻ, രാജ്യദ്രോഹി’.. വെടിനിർത്തൽ പ്രഖാപനത്തിന് പിന്നാലെ വിക്രം മിസ്രിക്ക് നേരെ സൈബർ ആക്രമണം.. ഒടുവിൽ അക്കൗണ്ട് പൂട്ടി…
വെടിനിർത്തൽ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനും നേരെ ശക്തമായ സൈബറാക്കണം.അധിക്ഷേപങ്ങൾ കനത്തതോടെ മിസ്രിക്ക് തന്റെ എക്സ് അക്കൗണ്ട് ലോക്ക് ചെയ്യേണ്ടി വന്നു. ‘രാജ്യദ്രോഹി, ഒറ്റുകാരൻ’ തുടങ്ങിയ അധിക്ഷേപ വാക്കുകളുമായി തുടങ്ങിയ സൈബർ ആക്രമണം അദ്ദേഹത്തിന്റെ മകളുടെ പൗരത്വം ചോദ്യം ചെയ്യുന്ന സ്ഥിതി വരെയെത്തി. ഇതോടെ മിസ്രി എക്സ് അക്കൗണ്ട് ലോക്ക് ചെയ്യുകയായിരുന്നു.
‘ഓപറേഷൻ സിന്ദൂറിനെ’ തുടർന്നുള്ള ഇന്ത്യൻ സർക്കാർ വാർത്തസമ്മേളനങ്ങളിൽ രാജ്യത്തിൻറെ മുഖമായിരുന്നു വിക്രം മിസ്രി. കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവരോടൊപ്പം ഇന്ത്യയുടെ നീക്കങ്ങൾ രാജ്യത്തിന് മുന്നിൽ വിശദീകരിച്ചത് വിക്രം മിസ്രിയായിരുന്നു.വെടിനിർത്തൽ പ്രഖ്യാപിച്ചതും ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം വരുന്നതും അംഗീകരിക്കാനാകില്ല എന്ന നിലക്കാണ് വിദ്വേഷ കമന്റുകൾ വന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്കെതിരെയും അധിക്ഷേപ വാക്കുകൾ പ്രയോഗിച്ചിട്ടുണ്ട്. മിസ്രിക്ക് എതിരായ സൈബർ ആക്രമണത്തെ ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി അടക്കമുള്ള നേതാക്കൾ അപലപിച്ചു.