പ്രതിവർഷം നിർമ്മിക്കാൻ കഴിയുന്നത് 80 മുതൽ 100 ​​വരെ മിസൈലുകൾ.. ബ്രഹ്മോസ് എയ്‌റോസ്‌പേസ് പ്രൊഡക്ഷൻ യൂണിറ്റ് ഉ​ദ്ഘാടനം ചെയ്തു…

ബ്രഹ്മോസ് എയ്‌റോസ്‌പേസ് പ്രൊഡക്ഷൻ യൂണിറ്റ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു. പ്രതിവർഷം 80 മുതൽ 100 ​​വരെ മിസൈലുകൾ നിർമ്മിക്കാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന നിർമ്മാണ യൂണിറ്റിന്റെ ഉദ്‌ഘാടനം വെർച്വൽ ആയാണ് നടന്നത്. 290 മുതൽ 400 കിലോമീറ്റർ വരെ ദൂരപരിധിയും മാക് 2.8 പരമാവധി വേഗതയുമുള്ള ബ്രഹ്മോസ് മിസൈലുകൾ നിർമിക്കാൻ കഴിയുന്ന ഈ ഉൽ‌പാദന യൂണിറ്റ് നിർമ്മിച്ചത് 300 കോടി രൂപ ചെലവിലാണ്.

ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്‌റോസ്‌പേസ് വികസിപ്പിച്ചെടുത്ത ഈ മിസൈൽ കരയിൽ നിന്നോ കടലിൽ നിന്നോ വായുവിൽ നിന്നോ വിക്ഷേപിക്കാൻ കഴിയും. കൂടാതെ “ഫയർ ആൻഡ് ഫോർഗെറ്റ്” ഗൈഡൻസ് സിസ്റ്റം പിന്തുടരുന്നു. ഓരോ വർഷവും 100 മുതൽ 150 വരെ പുതുതലമുറ ബ്രഹ്മോസ് മിസൈലുകൾ നിർമ്മിക്കും. അടുത്ത തലമുറ മിസൈലുകൾ ഒരു വർഷത്തിനുള്ളിൽ തയ്യാറായി വിതരണം ചെയ്യും.

ഇതുവരെ സുഖോയ് പോലുള്ള യുദ്ധവിമാനങ്ങൾക്ക് ഒരു ബ്രഹ്മോസ് മിസൈൽ മാത്രമേ വഹിക്കാൻ കഴിയൂ. എന്നാൽ ഇനി മുതൽ അവയ്ക്ക് മൂന്ന് അടുത്ത തലമുറ ബ്രഹ്മോസ് മിസൈലുകൾ വരെ വഹിക്കാൻ കഴിയും. 2,900 കിലോഗ്രാം ഭാരമുള്ള നിലവിലെ ബ്രഹ്മോസ് മിസൈലുമായി താരതമ്യപ്പെടുത്തുമ്പോൾ, അടുത്ത തലമുറ ബ്രഹ്മോസ് മിസൈലിന് 300 കിലോമീറ്ററിലധികം പ്രഹരപരിധിയും 1,290 കിലോഗ്രാം ഭാരവുമുണ്ടാകും.

2018 ലെ ആഗോള നിക്ഷേപക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പ്രതിരോധ വ്യാവസായിക ഇടനാഴി സംരംഭത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഉൽ‌പാദന യുണീറ്റിന് തറക്കല്ലിട്ടത് 2021ലാണ്. ഇന്ത്യയുടെ ഡിആർഡിഒയും റഷ്യയുടെ എൻപിഒ മഷിനോസ്ട്രോയേനിയയും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ബ്രഹ്മോസ് മിസൈലുകൾ.

Related Articles

Back to top button