‘ഈ വെടിനിര്‍ത്തല്‍ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമുണ്ടായി ?’..
അമേരിക്കന്‍ പ്രസിഡണ്ട് കണ്ണുരുട്ടിയപ്പോള്‍ പാതിവഴിയില്‍ വെടി നിര്‍ത്തലിന് തയ്യാറായ നരേന്ദ്രമോദി നാടിന്റെ ആത്മാഭിമാനത്തെയാണ് മുറിവേല്‍പ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. പാകിസ്ഥാന്‍ ഭീകരവാദത്തിനെതിരായി കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷം പൂര്‍ണ്ണ പിന്തുണ നല്‍കിയതാണ്. 140 കോടി ജനങ്ങളും ഒറ്റക്കെട്ടായി താങ്കളുടെ പിന്നില്‍ അണിനിരന്നതാണ്. നമ്മുടെ സൈന്യം പാക്കിസ്ഥാന്‍ അതിക്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി മുന്നേറുകയായിരുന്നു
പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ഈ രാജ്യത്തെയും പൗരന്മാരെയും പ്രധാനമന്ത്രി വഞ്ചിച്ചിരിക്കുന്നു. സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്ന അത്യപൂര്‍വ്വമായ സാഹചര്യം ഉണ്ടായിരിക്കുന്നു. നമ്മുടെ സൈന്യം ആര്‍ജിച്ചെടുത്ത എല്ലാ മുന്നേറ്റങ്ങളും ഒറ്റ നിമിഷം കൊണ്ട് അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി, പ്രധാനമന്ത്രി നരേന്ദ്രമോദി അട്ടിമറിച്ചിരിക്കുന്നു. ആരും യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ നമ്മുടെ രാജ്യത്തിന്റെ സ്വാഭിമാനം, നമ്മുടെ പൗരന്മാരുടെ നഷ്ടപ്പെട്ട ജീവനും സ്വത്തിനും ഉത്തരവാദികളായ ശത്രുവിനെ പാഠം പഠിപ്പിക്കല്‍… ഇത് അത്യാവശ്യമായിരുന്നു.
ഇതിനായിരുന്നെങ്കില്‍ എന്തിനായിരുന്നു ഈ പടപ്പുറപ്പാടും കണ്ണുരുട്ടലും വാചകമടിയുമൊക്കെ? ഈ രാജ്യത്തെ സ്‌നേഹിക്കുന്ന ഒരാള്‍ക്കും ഈ നാണംകെട്ട വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ സാധിക്കില്ല. സന്ദീപ് വാര്യര്‍ അഭിപ്രായപ്പെട്ടു. ഈ വെടി നിര്‍ത്തല്‍ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമുണ്ടായി ? പഹല്‍ഗാമില്‍ സംഭവിച്ച സുരക്ഷാ വീഴ്ച ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനായിരുന്നോ ഇക്കണ്ട നാടകമൊക്കെ ?. അതിർത്തിയിൽ പാക്ക് വെടിവെപ്പിലും ഷെല്ലിങ്ങിലും നഷ്ടപ്പെട്ട നിരവധി ജീവനുകൾക്കും വീടുകൾക്കും ജനങ്ങളുടെ സ്വത്ത് വഹകൾക്കും ആര് സമാധാനം പറയും ? ആ നഷ്ടങ്ങൾക്ക് പ്രതികാരം അർഹിക്കുന്നില്ലേ ?. മറ്റൊരു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സന്ദീപ് വാര്യര്‍ ചോദിച്ചു.