ജനങ്ങളിൽ നിന്നും കോൺഗ്രസ് അകലുന്നു.. നേതൃമാറ്റം കൊണ്ട് പിണറായിയെ താഴെയിറക്കാൻ കഴിയില്ല..
ജനങ്ങളിൽ നിന്നും കോൺഗ്രസ് അകലുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്ന നിലപാട് ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും ടി പി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. നേതൃമാറ്റം കൊണ്ട് പിണറായിയെ താഴെയിറക്കാൻ കഴിയില്ല. വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് യുഡിഎഫിൻ്റ ശ്രമം. മൂന്നാംവട്ടവും ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
ജമാഅത്തെ പോലുള്ള വർഗീയ ശക്തികളെ കൂട്ടു പിടിക്കാൻ മുസ്ലിം ലീഗ് ശ്രമിക്കുമ്പോൾ കോൺഗ്രസ് അതിന് കുട പിടിക്കുന്നു. കോൺഗ്രസിൻ്റെ ജീർണമുഖം കൂടുതൽ വ്യക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിൻ്റെ വാർഷിക ആഘോഷ പരിപാടി ഈ മാസം 13 പുനരാരംഭിക്കും. കോഴിക്കോട് നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്നും എൽഡിഎഫ് കൺവീനർ മാധ്യമങ്ങളോട് പറഞ്ഞു
എം സ്വരാജിനെതിരായ സൈബർ ആക്രമണത്തിലും ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. സ്വരാജ് പറഞ്ഞത് യുദ്ധത്തിനെതിരായ പൊതുനിലപാടാണ്. സമൂഹമാധ്യമങ്ങൾ തെറ്റായ പ്രചരണത്തിന് ഉപയോഗിക്കുന്നു. മറ്റ് മാധ്യമങ്ങൾ സൂക്ഷ്മത പുലർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദ നിലപാടിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിന്നു. പാകിസ്ഥാന് എതിരായി ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചു. സമാധാന അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിതിനിര്ത്തല് കരാര്‍ സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു