‘ഒരു മാസത്തെ വരുമാനം സൈനികരുടെ ക്ഷേമത്തിന് സംഭാവന ചെയ്യും’; ഇളയരാജ

തന്റെ ഒരു മാസത്തെ വരുമാനം സൈനികരുടെ ദേശീയ പ്രതിരോധ ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് സംഗീത സംവിധായകൻ ഇളയരാജ. രാജ്യസഭാംഗം എന്ന നിലയിൽ ലഭിക്കുന്ന ഒരുമാസത്തെ ശമ്പളവും അതിനൊപ്പം സംഗീത പരിപാടികളിൽ നിന്ന് ലഭിക്കുന്ന വരുമാനവും സംഭാവന ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇളയരാജ ഇക്കാര്യം അറിയിച്ചത്.
“ഈ വർഷം ആദ്യം ഞാൻ എന്റെ ആദ്യത്തെ സിംഫണി ചിട്ടപ്പെടുത്തി റെക്കോർഡ് ചെയ്യുകയും അതിന് വാലിയന്റ് (ധീരൻ) എന്ന് പേരിടുകയും ചെയ്തു. എന്നാൽ മെയ് മാസത്തിൽ പഹൽഗാമിലെ നിരപരാധികളായ വിനോദസഞ്ചാരികളുടെ ക്രൂരമായ കൊലപാതകത്തെ തുടർന്ന് നമ്മുടെ ധീര സൈനികർക്ക് അതിർത്തികളിൽ ധീരത, സാഹസികത, ധൈര്യം, കൃത്യത, ദൃഢനിശ്ചയം എന്നിവയോടെ പ്രവർത്തിക്കേണ്ടിവരുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.
നമ്മുടെ നിസ്വാർഥരായ ധീരസൈനികർ ശത്രുക്കളെ മുട്ടുകുത്തിക്കുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. ഒരു ഇന്ത്യക്കാരൻ എന്ന നിലയിലും പാർലമെന്റ് അംഗം എന്ന നിലയിലും, ഭീകരതയെ തുടച്ചു നീക്കുന്നതിനും നമ്മുടെ അതിർത്തികളെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള നമ്മുടെ രാജ്യത്തെ ധീരനായകരുടെ ‘ധീരമായ’ പരിശ്രമങ്ങൾക്ക് പിന്തുണയായി, എൻ്റെ സംഗീത പരിപാടികളിൽ നിന്നുള്ള പ്രതിഫലവും ഒരു മാസത്തെ ശമ്പളവും ദേശീയ പ്രതിരോധ ഫണ്ടിലേക്ക് ഒരു എളിയ സംഭാവനയായി നൽകാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. ജയ് ഹിന്ദ്” – ഇളയരാജ എക്സിൽ കുറിച്ചു.



