ഡിഗ്രിയുണ്ടോ കൈയിൽ.. എസ്ബിഐയില്‍ ഓഫീസറാകാം, അരലക്ഷത്തോളം രൂപ ശമ്പളം…
എസ് ബി ഐ ( സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ) സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍മാരുടെ (സിബിഒ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെയുള്ള 3323 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ ആയാണ് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 29 ആണ്. ഓണ്‍ലൈന്‍ ടെസ്റ്റ്, സ്‌ക്രീനിംഗ്, അഭിമുഖം, പ്രാദേശിക ഭാഷാ പ്രാവീണ്യ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷകര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച തത്തുല്യമായ യോഗ്യത നേടിയിരിക്കണം. മെഡിസിന്‍, എഞ്ചിനീയറിംഗ്, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി അല്ലെങ്കില്‍ കോസ്റ്റ് അക്കൗണ്ടന്‍സി എന്നിവയില്‍ ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.അപേക്ഷകര്‍ 21 നും 30 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം (മെയ് 1, 1995 നും ഏപ്രില്‍ 30, 2004 നും ഇടയില്‍ ജനിച്ചവര്‍, രണ്ടും തീയതികളും ഉള്‍പ്പെടെ). ജനറല്‍ / ഒ ബി സി / ഇ ഡബ്ല്യു എസ് വിഭാഗങ്ങളില്‍ നിന്ന് 750 രൂപ അപേക്ഷ ഫീസായി ഈടാക്കും. എസ് സി / എസ് ടി / പി ഡബ്ല്യു ബി ഡി വിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസ് ഇല്ല. ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ യുപിഐ വഴി അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് മറ്റ് അലവന്‍സുകള്‍ക്കൊപ്പം പ്രതിമാസം 48,480 രൂപ പ്രാരംഭ അടിസ്ഥാന ശമ്പളം ലഭിക്കും. യോഗ്യരും താല്‍പ്പര്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് sbi.co.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കാം.