പാകിസ്ഥാൻ ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച ഓപ്പറേഷൻ ബന്യാൻ ഉൽ മർസൂസിനെ കുറിച്ച് ഖുറാനിൽ പറയുന്നത് ഇങ്ങനെ..
ഇന്ത്യക്കെതിരെ പാകിസ്ഥാൻ സൈനിക നടപടി പ്രഖ്യാപിച്ചതോടെ ലോകം ആശങ്കയിലാണ്. രണ്ട് ആണവ ശക്തികൾ തമ്മിലുള്ള തർക്കം യുദ്ധത്തിലേക്ക് വഴുതി മാറുമോ എന്നാണ് ആശങ്ക. ഇന്ത്യ, ചൈന, പാകിസ്ഥാൻ എന്നീ മൂന്ന് ആണവ ശക്തികൾ അടുത്തടുത്ത് കിടക്കുന്ന മേഖലയിലെ സൈനിക സംഘർഷം വലിയ ആശങ്കയാണ് ലോകമെമ്പാടും ഉയർത്തുന്നത്. അതിനിടെയാണ് പാകിസ്ഥാൻ ഇന്ത്യക്കെതിരെ ഓപ്പറേഷൻ “ബന്യാൻ ഉൽ മർസൂസ്” പ്രഖ്യാപിച്ചത്. ഖുർആനിൽ നിന്നും പ്രദോനം ഉൾക്കൊണ്ടാണ് ഇന്ത്യക്കെതിരായ സൈനിക നീക്കത്തിന് “ബന്യാൻ ഉൽ മർസൂസ്” എന്ന പേര് നൽകിയത്. ഇതോടെ ലോകമെമ്പാടും ആളുകൾ എന്താണ് ബന്യാൻ ഉൽ മർസൂസ് എന്ന അന്വേഷണം തുടങ്ങി.
ഉരുക്കിയ ഈയം കൊണ്ട് നിർമ്മിച്ച ഒരു മതിൽ എന്നാണ് ബന്യാൻ ഉൽ മർസൂസ് എന്ന പദത്തെ നിർവചിക്കുന്നത്. “ദൃഢമായി ഒന്നിച്ചുചേർന്ന ഒരു ഘടന” എന്നർത്ഥമുള്ള ഈ ഓപ്പറേഷന്റെ പേര് സൂറ അൽ-സഫ് (61-4) ൽ നിന്നാണ് എടുത്തിരിക്കുന്നത്. “തീർച്ചയായും, അല്ലാഹു തന്റെ മാർഗത്തിൽ ഉറച്ചുനിൽക്കുന്ന ഒരു ഘടന പോലെ നിരനിരയായി പോരാടുന്നവരെ ഇഷ്ടപ്പെടുന്നു. (സൂറ അൽ-സഫ്, വാക്യം 4)
അത് അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്നവരെ ദൃഢവും ഉറപ്പുള്ളതുമായ ഒരു ഘടനയായി പ്രശംസിക്കുന്നു. ശക്തി, ഐക്യദാർഢ്യം, അഭേദ്യത എന്നിവയെ ഇത് പ്രതീകപ്പെടുത്തുന്നു എന്നാണ് മതവിശ്വാസം. ഓപ്പറേഷൻ ആരംഭിക്കുന്നതിന് മുമ്പ് കരസേനാ മേധാവി ജനറൽ സയ്യിദ് അസിം മുനീർ ഫജ്ർ പ്രാർത്ഥനകൾ നടത്തുകയും ദിവ്യ മാർഗനിർദേശം ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് സൂറ അൽ-സഫ് പാരായണം ചെയ്തു.
ഇന്ത്യയിലുടനീളമുള്ള നിരവധി സ്ഥലങ്ങളെ പാകിസ്ഥാൻ ലക്ഷ്യമിട്ടിട്ടുണ്ട് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്ഥാന്റെ തുടർച്ചയായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കുള്ള മറുപടിയായി നാല് പാക്ക് വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതിനു പിന്നാലെയാണ് പാക്ക് സൈന്യത്തിന്റെ നീക്കം.
കശ്മീർ അതിർത്തിയിൽ ഇന്ത്യ–പാക്ക് പോർവിമാനങ്ങൾ പരസ്പരം ആക്രമണം നടത്തുന്നെന്നും (ഡോഗ് ഫൈറ്റ്) പാക്ക് വ്യോമസേനയുടെ രണ്ടു യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയ്ക്കെതിരെ ഡ്രോൺ ആക്രമണം നടത്തിയിരുന്ന പാക്കിസ്ഥാന്റെ സൈനിക ലോഞ്ച് പാഡുകൾ ഇന്ത്യൻ ആക്രമണത്തിൽ തകർന്നു.
പാകിസ്ഥാനിലെ റാവിൽപിണ്ടിയിലുള്ള നുർ ഖാൻ, ചക്വാലിലെ മുറിദ്, ഝാങ്ങിലെ റഫീഖി വ്യോമതാവളങ്ങളിൽ ആക്രമണമുണ്ടായെന്ന് പാകിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് പാകിസ്ഥാൻ വ്യോമപാത പൂർണമായി അടച്ചു. ഇസ്ലാമാബാദിൽനിന്നും 10 കിലോമീറ്ററിൽ താഴെ മാത്രം അകലെയാണ് നുർ ഖാൻ വ്യോമതാവളം. വൻ സ്ഫോടനത്തെ തുടർന്ന് നുർ ഖാൻ വ്യോമതാവളത്തിൽ തീ പടരുന്നതിന്റെ ദൃശ്യങ്ങൾ പാക്കിസ്ഥാൻ മാധ്യമങ്ങൾ പുറത്തുവിടുന്നുവെന്നാണ് വിവരം. എന്നാൽ ഇവയുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല. ചക്ലാല വ്യോമതാവളമെന്ന് നേരത്തെ അറിയപ്പെട്ടിരുന്ന നുർ ഖാൻ പാകിസ്ഥാന്റെ സുപ്രധാന വ്യോമതാവളങ്ങളിലൊന്നാണ്.
ജമ്മു കശ്മീരിലെയും രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെയും അതിർത്തി മേഖലകളിൽ പാക്ക് പ്രകോപനം തുടരുകയാണ്. കശ്മീരിലെ രജൗറിയിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ജമ്മുകശ്മീർ അഡിഷനൽ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മിഷണർ രാജ്കുമാർ ഥാപ്പ കൊല്ലപ്പെട്ടു.
എല്ലാ വ്യോമഗതാഗതവും പാകിസ്ഥാനിൽ നിർത്തിവച്ചിരിക്കുകയാണ്. ഡ്രോൺ ആക്രമണങ്ങൾക്കായി യാത്രാ വിമാനങ്ങളെ മറയാക്കുന്നുവെന്ന ഇന്ത്യയുടെ ആരോപണം ഉയർന്ന് മണിക്കൂറുകൾക്കുള്ളിലാണ് പാക്കിസ്ഥാൻ വ്യോമാതിർത്തി അടച്ചത്. ‘നോട്ടിസ് ടു എയർമെൻ’ (എൻഒടിഎഎം) വഴിയാണ് തീരുമാനം അറിയിച്ചിരിക്കുന്നത്. ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്നതിനിടയിൽ വ്യോമാതിർത്തി തുറന്നിടുന്ന പാകിസ്ഥാന്റെ നടപടി രാജ്യാന്തര വ്യോമഗതാഗതത്തിനു ഭീഷണിയാണെന്നും ഇന്ത്യ ആരോപിച്ചിരുന്നു.