ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കോലിയും വിരമിക്കുന്നു..
രോഹിത് ശര്‍മയ്ക്കു പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി ഇന്ത്യൻ സൂപ്പർ താരം വിരാട് കോലിയും. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ പദ്ധതിയിടുന്നതായി കോലി ബിസിസിഐയെ അറിയിച്ചതായാണ് സൂചന.
കോലി ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് പിന്മാറാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും ജൂണ്‍ 20-ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം കളിക്കാന്‍ സാധ്യതയില്ലെന്നുമാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ട് പരമ്പരയ്ക്കായുള്ള ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് തൊട്ടുമുമ്പാണ് ഈ വാര്‍ത്ത വരുന്നത്.
കോലി മനസ് മാറ്റിയില്ലെങ്കില്‍ പ്രധാനപ്പെട്ട ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയ്ക്ക് പരിചയസമ്പന്നരില്ലാത്ത മധ്യനിരയാകും ഉണ്ടാകുക. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് കോലിയുടെ തീരുമാനം. കോലി തീരുമാനവുമായി മുന്നോട്ടുപോയാല്‍ അത് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വലിയ വിടവാണ് സൃഷ്ടിക്കാന്‍ പോകുന്നത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയിലെ ഒരു ഉന്നതന്‍ കോലിയുമായി സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്. കോലിയുടെ തീരുമാനം കേട്ട് നിരാശയിലായിരിക്കുകയാണ് ആരാധകരും.