മലബാറിലെ കോൺഗ്രസിന്റെ മുഖം.. കുടിയേറ്റക്കാരുടെ രാഷ്ട്രീയം പറഞ്ഞും പയറ്റിയും വളർച്ച..21 വര്‍ഷത്തിന് ശേഷം ക്രിസ്ത്യന്‍ പ്രതിനിധി..കെ സുധാകരന്റെ പിൻഗാമിയായി ’സണ്ണി വക്കീൽ’ എത്തുമ്പോൾ..

കെപിസിസി അധ്യക്ഷസ്ഥാനം സംബന്ധിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ താൻ മാറാൻ ഉദ്ദേശിക്കുന്നില്ലെന്ന തരത്തിൽ കെ സുധാകരൻ പ്രതികരിച്ചിരുന്നു. എന്നാലിപ്പോൾ കെ സുധാകരന്റെ തന്നെ അനുയായിയായ സണ്ണി ജോസഫ് എംഎൽഎയെ ഹൈകമാൻഡ് കെപിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചു. മലബാറിലെ കോൺഗ്രസിന്റെ മുഖമായ സണ്ണി ജോസഫ് കുടിയേറ്റക്കാരുടെ രാഷ്ട്രീയം പറഞ്ഞും പയറ്റിയുമാണ് പൊതുപ്രവർത്തന രംഗത്ത് ഉയർന്നുവന്നത്. ഇപ്പോൾ വക്കീൽ വേഷമിടാറില്ലെങ്കിലും പാർട്ടിക്കാർക്കു ’സണ്ണി വക്കീൽ’ ആണ് സണ്ണി ജോസഫ് എംഎൽഎ. രണ്ടു പതിറ്റാണ്ടോളം അഭിഭാഷകനായിരുന്നു. തൊടുപുഴയിൽനിന്ന് ഉളിക്കൽ പുറവയലിലേക്കു കുടിയേറിയതാണ് കുടുംബം. കെഎസ്‍യു വഴി രാഷ്ട്രീയക്കാരനായി. കണ്ണൂർ ഡിസിസി പ്രസിഡന്റ് ആയിരുന്നു. ഇതിനിടെ, കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റ് അംഗവും ഉളിക്കൽ സർവീസ് സഹകരണബാങ്ക്, തലശ്ശേരി കാർഷിക വികസന ബാങ്ക്, മട്ടന്നൂർ ബാർ അസോസിയേഷൻ, ഇരിട്ടി എജ്യുക്കേഷൻ സൊസൈറ്റി എന്നിവയുടെ പ്രസിഡന്റായി. തരക്കേടില്ലാതെ വോളിബോൾ കളിക്കും. നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചത് 2011ൽ പേരാവൂർ മണ്ഡലത്തിൽ നിന്നാണ്. സിറ്റിങ് എംഎൽഎ കെ.കെ.ശൈലജക്കെതിരെ വിജയിച്ചു. 2016ൽ ഇവിടെ ജയം ആവർത്തിച്ചു. നിയമബിരുദധാരി. നിയമം പഠിച്ചത് കോടതിയെക്കാൾ പ്രയോജനപ്പെട്ടതു നിയമസഭാ ചർച്ചകൾക്കിടെയുള്ള വാദപ്രതിവാദത്തിൽ. ഇരിട്ടി തന്തോടാണു താമസം. ഭാര്യ എൽസി ജോസഫ്. മക്കൾ ആശ റോസ്, ഡോ.അ‍ഞ്ജു റോസ്.

2004-ല്‍ പി.പി തങ്കച്ചന്‍ കെ.പി.സി.സിയുടെ മുപ്പത്തിയൊന്നാമത് അധ്യക്ഷനായി എത്തിയതിന് ശേഷം ഇതുവരെ ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെടുന്ന ആരും അധ്യക്ഷ സ്ഥാനത്തേക്കെത്തിയിരുന്നില്ല. ഈ ആവശ്യം നേതാക്കള്‍ പലതവണ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ക്രിസ്ത്യന്‍ സമൂഹം, പ്രത്യേകിച്ച് കത്തോലിക്കാ സഭ, സംസ്ഥാനത്തെ കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണ്. എ കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും കാലഘട്ടത്തിന് ശേഷം, കോണ്‍ഗ്രസ് നേതൃത്വത്തില്‍ ക്രൈസ്തവ നേതാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന് സഭാ നേതൃത്വം പലതവണ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചുകൊണ്ടാണ് സണ്ണി ജോസഫിനെ തിരഞ്ഞെടുക്കാന്‍ നേതൃത്വം തീരുമാനിച്ചത്.

അതേസമയം, കെ. സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും.അടൂർ പ്രകാശാണ് യുഡിഎഫിന്റെ പുതിയ കൺവീനർ. പി.സി.വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെ കെപിസിസിയുടെ പുതിയ വർക്കിങ് പ്രസിഡന്റുമാരായി നിയമിച്ചു. ഇതു സംബന്ധിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വാർത്താകുറിപ്പ് പുറത്തിറക്കി.

നിലവിലെ യുഡിഎഫ് കൺവീനർ എം.എം.ഹസ്സനെയും വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ, ടി. സിദ്ദീഖ് എന്നിവരെ പദവിയിൽ നിന്നൊഴിവാക്കി. പുതിയ വർക്കിങ് പ്രസിഡന്റായി നിയമിതനായ പി.സി.വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറി പദവിയിൽനിന്നു നീക്കി. ഡോ.അഖിലേഷ് പ്രസാദ് സിങ്ങും പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു.

Related Articles

Back to top button