തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഇനി ഇറച്ചി വിൽപന പാടില്ല…96 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനും തീരുമാനം
തിരുവനന്തപുരം: വിമാനങ്ങളിൽ പക്ഷിയിടിച്ചുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തിന് സമീപമുള്ള കുടുംബങ്ങളെ ഇറച്ചി വിൽപ്പന നടത്തരുതെന്ന് കർശന നിർദേശം നൽകാൻ തീരുമാനം. പുറത്ത് നിന്നും എത്തുന്നവർ ഇവിടെ താമസിക്കുന്നവരുടെ വീടുകളിലെ ഒരു ഭാഗം വാടകയ്ക്കെടുത്താണ് ഇറച്ചി വിൽപ്പന നടത്തുന്നത്. ഇത്തരത്തിൽ വീടുകൾ ഇനി വാടകയ്ക്ക് നൽകരുതെന്ന് നഗരസഭ അധികൃതർ നിർദേശം നൽകി. ഇറച്ചി കച്ചവടം നടത്തുന്നത് നിരോധിച്ച് കോടതി ഉത്തരവും നിലനിൽക്കുന്നതിനാൽ അനധികൃത വിൽപ്പന ശ്രദ്ധയിൽപെട്ടാൽ പൊലീസും ഇടപെടും.
പ്രദേശത്തെ ഭൂരഹിതരായി പുറമ്പോക്കിൽ താമസിക്കുന്നവരെ ഫ്ളാറ്റ് നിർമിച്ച് മാറ്റിത്താമസിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. ഇവരിൽ ചിലരുടെ വീടുകളും വാടകയ്ക്കെടുത്ത് ഇറച്ചിക്കടകൾ നടത്തുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് വിമാനത്താവളത്തിന് സമീപത്തുള്ള വള്ളക്കടവ് വാർഡിലെ അംഗനവാടിയും വായനശാലയുമടക്കം 96 കുടുംബങ്ങളെയാണ് മാറ്റുന്നത്. 12 ബ്ലോക്കുകളായി 8 യൂണിറ്റുകളിലാണ് സെന്റ് സേവ്യേഴ്സ് പള്ളിക്ക് എതിർഡവശത്തായി ഫ്ലാറ്റ് നിർമ്മിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.