ഒരു ഘട്ടത്തില്‍ ആ‍ർസിബി വിടുന്നതിനെക്കുറിച്ചുപോലും താന്‍ ചിന്തിച്ചിരുന്നു…വെളിപ്പെടുത്തലുമായി വിരാട് കോലി…

ഐപിഎല്ലില്‍ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും വിരാട് കോലിയും തമ്മിലുള്ള ആത്മബന്ധം മറ്റൊരു കളിക്കാരനും അവകാശപ്പെടാനാവില്ല. ഐപിഎല്ലിന്‍റെ ആദ്യ സീസണ്‍ മുതല്‍ ഇതുവരെ ആര്‍സിബി ജേഴ്സിയല്ലാതെ മറ്റൊരു കുപ്പായം കോലി ധരിച്ചിട്ടുമില്ല. എന്നാല്‍ കരിയറിലെ ഒരു ഘട്ടത്തില്‍ ആ‍ർസിബി വിടുന്നതിനെക്കുറിച്ചുപോലും താന്‍ ചിന്തിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് കോലി ആര്‍സിബി പോഡ്കാസ്റ്റില്‍. 2016 നും 2019 നും ഇടയിലുള്ള തന്‍റെ കരിയറിലെ ദുഷ്‌കരമായ ഘട്ടത്തെക്കുറിച്ചും മായന്തി ലാംഗറുമായുള്ള പോ‍ഡ്കാസ്റ്റില്‍ കോലി മനസുതുറന്നു.

ഒരേസമയം, ഇന്ത്യൻ ടീമിന്‍റെയും ആർ‌സി‌ബിയുടെയും ക്യാപ്റ്റനായിരിക്കുമ്പോഴുള്ള പ്രതീക്ഷകളുടെ അമിതഭാരം തന്നെ തളര്‍ത്തിയെന്നും അതുകൊണ്ടാണ് ആര്‍സിബി നായകസ്ഥാനം രാജിവെച്ചതെന്നും കോലി പറഞ്ഞു. ഞാൻ ഇത് മുമ്പും പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് എന്‍റെ കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളിൽ, മറ്റ് ടീമുകളില്‍ അവസരം തേടാന്‍ ഞാന്‍ ആലോചിച്ചിരുന്നു. 2016-2019 കാലഘട്ടത്തില്‍ ടീം വിടണമെന്ന നിരന്തര നിര്‍ദേശങ്ങളും ഉപദേശങ്ങളും എനിക്ക് ലഭിച്ചിരുന്നു. എന്‍റെ കരിയറില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്.

7-8 വർഷം ഞാന്‍ ഇന്ത്യയെ നയിച്ചു, ഒമ്പത് സീസണുകളില്‍ ആർ‌സി‌ബിയെയും. ബാറ്ററെന്ന നിലയില്‍ എന്നിൽ നിന്നുള്ള പ്രതീക്ഷകൾ വളരെ വലുതായിരുന്നു. എനിക്ക് എന്‍റെ കാര്യങ്ങളില്‍ തന്നെ ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എന്ത് ചെയ്യണമെന്നറിയാത്ത സ്ഥലത്തായിരുന്നു ഞാനെപ്പോഴും. അതെന്നെ ഏറെ ബുദ്ധിമുട്ടിച്ചു. അതോടെ ഞാന്‍ തീരുമാനിച്ചു, ഞാനിവിടെ എന്‍റെ മികച്ച പ്രകടനം പുറത്തെടുത്ത് സന്തോഷമായി തുടരണമെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് വെറുമൊരു കളിക്കാരനായി തുടരുകയാണ് നല്ലതെന്ന്-കോലി പറഞ്ഞു.

ആർ‌സി‌ബിയിൽ നിന്ന് മാറുന്നതിനെക്കുറിച്ച് ആദ്യമായി ചിന്തിച്ചതും ദുഷ്‌കരമായ ഈ വർഷങ്ങളിലാണെന്ന് കോലി പറഞ്ഞു. പക്ഷേ ആ സാധ്യത ഒരിക്കലും എന്നെ പ്രലോഭിപ്പിച്ചിട്ടില്ല. പരസ്പര ബഹുമാനവും ആർ‌സി‌ബിയിൽ വർഷങ്ങളായി കെട്ടിപ്പടുത്ത വിലമതിക്കാനാവാത്ത ബന്ധങ്ങളും ഒരു പുതിയ ടീം എന്നതിനെക്കാള്‍ എനിക്ക് പ്രധാനമായി തോന്നി. ടീം മാറുന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ എന്നെ പ്രലോഭിപ്പിച്ചുവെന്ന് ഞാൻ പറയില്ല, പക്ഷേ ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചുവെന്നത് സത്യമാണ്. എനിക്ക് കൂടുതൽ വിലപ്പെട്ടത് എന്താണ് എന്ന ചോദ്യവും ഞാൻ സ്വയം ചോദിച്ചു.

Related Articles

Back to top button