സംസ്ഥാനത്ത ആദ്യം…വികസനത്തിന് ഫണ്ട് കണ്ടെത്താന്‍ പുതുവഴി തേടി കൊച്ചി കോര്പ്പറേഷന്..
മുനിസിപ്പല്‍ ബോണ്ടുകള്‍ വഴി ഫണ്ട് സ്വരൂപിക്കുന്നതിനായി കൊച്ചി കോര്പ്പറേഷന് ചര്‍ച്ചകള്‍ ആരംഭിച്ചതോടെ, കേരളത്തില്‍ വികസനത്തിന്റെ ഒരു പുതിയ അധ്യായം തുറക്കുകയാണ്. വിജയിച്ചാല്‍, മുനിസിപ്പല്‍ ബോണ്ട് സംവിധാനം നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭയായി കൊച്ചി മാറും.
ഐടി പാര്‍ക്കുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, റോഡുകള്‍, മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍, ജലവിതരണ പദ്ധതികള്‍ തുടങ്ങിയവയ്ക്കായി മുനിസിപ്പല്‍ ബോണ്ടുകള്‍ വഴി നഗരസഭകള്‍ക്ക് 1,000 കോടി രൂപ വരെ സമാഹരിക്കാന്‍ സംസ്ഥാന ബജറ്റ് 2025 – 26 നിര്‍ദ്ദേശം വെച്ചിരുന്നു. അതെ തുടര്‍ന്നാണ് ഈ നീക്കം.
മുനിസിപ്പല്‍ ബോണ്ടുകള്‍ എന്തൊക്കെയാണ്?
അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വികസന പദ്ധതികള്‍ക്കും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം നല്‍കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്കുന്ന ഡെബ്റ്റ് ഇന്‍സ്ട്രമെന്റാണ് മുനിസിപ്പല്‍ ബോണ്ടുകള്‍. ഈ ബോണ്ടുകള്‍ക്ക് സാധാരണയായി 1 മുതല്‍ 30 വര്‍ഷമാണ് കാലാവധി. ഒപ്പം ഒരു നിശ്ചിത പലിശ നിരക്ക് ഉറപ്പ് കൊടുക്കുകയും ചെയ്യുന്നു. നിക്ഷേപകര്‍ക്ക് പ്രതിവര്‍ഷം പലിശ ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മുതലും തിരിച്ച് നല്‍കും.
1997 ല്‍ ബംഗളൂരു നഗരസഭയാണ് ഇന്ത്യയില്‍ ആദ്യമായി മുനിസിപ്പല്‍ ബോണ്ട് പുറത്തിറക്കിയത്. അതിനുശേഷം അഹമ്മദാബാദ്, ഇന്‍ഡോര്‍, ലഖ്നൗ, വഡോദര തുടങ്ങിയ നഗരങ്ങളും ഇത് പിന്തുടര്ന്നു.
മുനിസിപ്പല്‍ ബോണ്ടുകള്‍ 2 തരം ഉണ്ട്. പൊതുബോണ്ടുകള്‍, റവന്യൂ ബോണ്ടുകള്‍. റവന്യൂ ബോണ്ടുകള്‍ വരുമാനം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന നിര്‍ദ്ദിഷ്ട പദ്ധതികളുമായി ബന്ധിപ്പിച്ചിരിക്കുന്നു.കൊച്ചി കോര്‍പ്പറേഷന്റെ നീക്കം റവന്യൂ ബോണ്ടുകള്‍ പുറത്തിറക്കാന്‍ ആണ്. അതായത് ഫണ്ട് ചെയ്ത പദ്ധതികളില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചിരിക്കും തിരിച്ചടവുകള്‍. വിജയകരമായ പദ്ധതികള്‍ക്ക് വളര്‍ച്ചയെ നയിക്കാന്‍ കഴിയും. എങ്കിലും കെടുകാര്യസ്ഥത വീഴ്ചകളിലേക്കും കടക്കെണികളിലേക്കും നയിച്ചേക്കാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
‘ലാഭകരമായി പ്രവര്‍ത്തിക്കുന്ന പ്രായോഗിക പദ്ധതികളില്‍ പണം നിക്ഷേപിക്കേണ്ടതുണ്ട്. കെടുകാര്യസ്ഥത വീഴ്ചകളിലേക്കും കടക്കെണികളിലേക്കും നയിച്ചേക്കാം. അതേസമയം ഫലപ്രദമായ ഉപയോഗം സുസ്ഥിര വളര്‍ച്ചയ്ക്ക് സഹായിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയും ചെയ്യും. മുനിസിപ്പല്‍ ബോണ്ടുകളെ ഇന്ത്യയില്‍ വിജയകരമായ ഒരു സാമ്പത്തിക ഉപകരണമാക്കി മാറ്റുന്നതിന് ശരിയായ മേല്‍നോട്ടവും സുതാര്യമായ ഭരണവും അത്യന്താപേക്ഷിതമാണ്’- രാജഗിരി ബിസിനസ് സ്കൂളിലെ അസിസ്റ്റന്റ് പ്രൊഫസറായ റിന്റു ആന്റണി അഭിപ്രായപ്പെട്ടു.
മാനദണ്ഡങ്ങള്‍
മുനിസിപ്പല്‍ ബോണ്ട് ഇഷ്യൂവിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പ്രത്യേക മാനദണ്ഡങ്ങള്‍ ഇറക്കിയിട്ടുണ്ട്.
1. കഴിഞ്ഞ 365 ദിവസത്തിനുള്ളില്‍ കടം തിരിച്ചടവില്‍ വീഴ്ചകളൊന്നും ഉണ്ടാവാന്‍ പാടില്ല.
2. അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്നുള്ള അംഗീകാരം.
3. മെച്ചപ്പെട്ട ക്രെഡിറ്റ് റേറ്റിങ്.
നിലവില്‍, കൊച്ചി നഗരസഭക്ക് ഒരു മെച്ചപ്പെട്ട ക്രെഡിറ്റ് റേറ്റിങ് ഇല്ലാത്തതിനാല്‍ സാമ്പത്തിക ഓഡിറ്റുകള്‍ നടത്തുന്നതിനും റേറ്റിങ്ങുകള്‍ സുരക്ഷിതമാക്കുന്നതിനും കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങളെ നിയമിക്കാന്‍ പദ്ധതിയിടുന്നു. ഇതു നിക്ഷേപകരുടെ ആത്മവിശ്വാസം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.
‘ക്രെഡിറ്റ് റേറ്റിങ് കൃത്യമായിരിക്കണം. അക്കൗണ്ടുകള്‍ സുതാര്യമായിരിക്കണം. ഇതിന് പ്രൊഫഷണലായ അക്കൗണ്ടിങ് പിന്തുണ ആവശ്യമാണ്. ഇവക്കായി കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങളെ നിയമിക്കാന്‍ കോര്പ്പറേഷന് പദ്ധതിയിടുന്നു,’- കൊച്ചി മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു.