450 കിലോമീറ്റര്‍ പ്രഹരശേഷി..ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് പാകിസ്ഥാന്‍…

കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് പാകിസ്ഥാന്‍. 450 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള ‘അബ്ദലി വെപ്പണ്‍ സിസ്റ്റം’ എന്ന മിസൈലാണ് പരീക്ഷിച്ചതെന്ന് പാക്ക് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കെയാണ് മിസൈല്‍ പരീക്ഷണം.

പാക് സൈന്യത്തിന്റെ കഴിവിലും സാങ്കേതിക കാര്യക്ഷമതയിലും പരിപൂര്‍ണ വിശ്വാസമുണ്ടെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പ്രതികരിച്ചു.സൈനികരുടെ പ്രവര്‍ത്തന സന്നദ്ധത ഉറപ്പാക്കുക, മിസൈലിന്റെ നൂതന നാവിഗേഷന്‍ സംവിധാനം, മെച്ചപ്പെടുത്തിയ പ്രതിരോധ സംവിധാനങ്ങള്‍ തുടങ്ങിയ സാങ്കേതിക കാര്യങ്ങള്‍ വിലയിരുത്തുക എന്നതായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യമെന്നും സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി.

കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന തന്ത്രപരമായ മിസൈലാണ് അബ്ദലി. അടുത്തിടെയായി 180 കിലോമീറ്ററില്‍ നിന്ന് ഇതിന്റെ ദൂരപരിധി 450 കിലോമീറ്ററായി ഉയര്‍ത്തിയിരുന്നു.

പാകിസ്ഥാനെതിരായ നടപടികള്‍ കൂടുതല്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പാകിസ്ഥാനില്‍ നിന്നുള്ള പോസ്റ്റല്‍ സേവനങ്ങള്‍ നിര്‍ത്തിവച്ചു. ഇന്ത്യക്ക് അകത്തേക്കുള്ള പാര്‍സല്‍ സേവനവും നിര്‍ത്തിവച്ചു. വിമാനമാര്‍ഗവും അല്ലാതെയുമുള്ള പാര്‍സല്‍, പോസ്റ്റല്‍ സംവിധാനങ്ങളാണ് നിര്‍ത്തിയത്. കൂടാതെ ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാക്കിസ്ഥാന്‍ കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇന്ത്യന്‍ കപ്പലുകള്‍ പാകിസ്ഥാന്‍ തുറമുഖങ്ങളില്‍ പ്രവേശിക്കരുതെന്നും തുറമുഖ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെര്‍ച്ചന്റ് ഷിപ്പിങ് ആക്ട് 411ാം വകുപ്പ് പ്രകാരമാണ് നടപടി. ഇന്ത്യയുടെ സമുദ്ര താല്‍പര്യങ്ങള്‍ സുഗമമായി മുന്നോട്ടു പോകുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് തീരുമാനമെന്നും മന്ത്രാലയം ഉത്തരവില്‍ പറഞ്ഞു.

Related Articles

Back to top button