മെഡിക്കൽ കോളേജിൽ പുക.. സൂപ്രണ്ടിനും പ്രിൻസിപ്പാളിനും കൃത്യമായ ഉത്തരം നൽകാനാകുന്നില്ല…
മെഡിക്കല്‍ കോളേജില്‍ നിന്നും പുക ഉയര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി എം കെ രാഘവന് എംപി. എന്താണ് കൃത്യമായി സംഭവിച്ചതെന്ന് സൂപ്രണ്ടിനും പ്രിന്‍സിപ്പാളിനും പറയാന്‍ സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. യുപിഎസിനുണ്ടായ തകരാറാണെന്നും പ്രശ്നമൊന്നുമില്ലെന്നായിരുന്നു സൂപ്രണ്ട് പറഞ്ഞത്. എന്നാല്‍ ഇവിടെ എത്തുമ്പോഴാണ് ഗുരുതരാവസ്ഥ മനസിലായതെന്നും അദ്ദേഹം പറഞ്ഞു.
‘രോഗികളെ മാറ്റുകയാണെന്നും ചിലര്‍ സ്വമേധയാ മാറിയെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. സൂപ്രണ്ടിനും പ്രിന്‍സിപ്പാളിനും എന്താണ് കാരണമെന്ന് പറയാന്‍ കഴിയുന്നില്ല. ഫയര്‍ഫോഴ്സും പൊലീസും എത്തിക്കഴിഞ്ഞിട്ടുണ്ട്. ഒന്നിനും കൃത്യമായ കണക്കില്ല. ക്യാഷ്വാലിറ്റിയുണ്ടോയെന്നും കൃത്യമായി പറയാന്‍ പറ്റുന്നില്ല. ആളുകളെ മാറ്റിക്കൊണ്ടിരിക്കുന്നു. കൃത്യമായ ഉത്തരം കിട്ടുന്നില്ല. എന്താണ് സംഭവമെന്ന് പഠിക്കാനാണ് വന്നത്’, എംപി പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ അത്യാഹിത വിഭാഗത്തില്‍ നിന്നാണ് പുക ഉയര്‍ന്നത്. പുക ഉയര്‍ന്നയുടനേ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. അത്യാഹിത വിഭാഗത്തിലേക്ക് രോഗികളെ കൊണ്ടുവരരുതെന്നും പൊലീസ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ അത്യാഹിത വിഭാഗത്തിലെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരിക്കുകയാണ്.