എഡിഎം നവീൻ ബാബുവിന്റെ മരണം… ടിവി പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടി…
എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിന്റെ സസ്പെൻഷൻ ആരോഗ്യവകുപ്പ് നീട്ടി. നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് ആറുമാസം മുമ്പാണ് ഇയാളെ സസ്പെന്റ് ചെയ്തിരുന്നത്. പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യൻ വിഭാഗം ജീവനക്കാരനായിരുന്ന പ്രശാന്തിനെ ജോലിയിൽ നിന്ന് ആറുമാസം മുൻപാണ് ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്. അച്ചടക്കലംഘനവും പെരുമാറ്റ ചട്ടലംഘനവും ചൂണ്ടിക്കാണിച്ചായിരുന്നു സസ്പെൻഷൻ. എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നാരോപിച്ച് പെട്രോൾ പമ്പ് ഉടമ ടി വി പ്രശാന്തിന്‍റെ പേരിൽ പരാതി തയ്യാറാക്കിയതിലും പ്രചരിപ്പിച്ചതിലും അടിമുടി ദുരൂഹതയാണ് നിലനിൽക്കുന്നത്. എകെജി സെന്‍ററിലെ ഓഫീസ് സെക്രട്ടറിയും ബന്ധുവുമായ ബിജു കണ്ടക്കൈക്ക് പരാതി വാട്സ് ആപ്പ് വഴി കൈമാറിയെന്നാണ് നവീൻ ബാബുവിന്‍റെ മരണത്തിൽ അന്വേഷണം നടത്തിയ ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർക്ക് പ്രശാന്ത് മൊഴി നൽകിയത്. വിജിലൻസിനോ മുഖ്യമന്ത്രിയുടെ ഓഫീസിലോ ഒരു പരാതിയും പ്രശാന്ത് നൽകിയിട്ടില്ല. ഇല്ലാത്ത പരാതിയുടെ പേരിലായിരുന്നു നവീൻ ബാബുവിനെതിരായ പ്രചാരണങ്ങൾ. പെട്രോൾ പമ്പിന്‍റെ അനുമതിക്കായി നവീൻ ബാബുവിന് 98500 രൂപ നൽകിയെന്ന് ടിവി പ്രശാന്ത് ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണർക്ക് നൽകിയ മൊഴിയിൽ ആരോപിക്കുന്നുണ്ട്. പക്ഷേ, പണം നൽകിയതിന് തെളിവില്ലെന്നാണ് മൊഴി. അനുമതി കിട്ടാൻ പണം നൽകിയെന്ന് പിപി ദിവ്യയോടും ബന്ധുവായ ബിജു കണ്ടക്കൈയോടും പറഞ്ഞു. ദിവ്യ പരാതി നൽകാൻ ആവശ്യപ്പെട്ടു. 2024 ഒക്ടോബര്‍ പത്തിന് പരാതി എഴുതിയെങ്കിലും അയച്ചില്ല. അന്ന് തന്നെ ബിജുവിനെ വിളിച്ചപ്പോഴും പരാതി നൽകാനാവശ്യപ്പെട്ടു.