കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ അതിർത്തി മേഖലയിൽ നിന്ന് മാറ്റി പാകിസ്ഥാൻ…
ആറ് ദിവസത്തിന് ശേഷവും അതിർത്തിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ വിട്ടയക്കാതെ പാകിസ്ഥാൻ. ജവാന് കസ്റ്റഡിയിലെന്ന ഔദ്യോഗിക കുറിപ്പ് ഇതുവരെ പാകിസ്ഥാന് ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല. അതേസമയം, പിടിയിലായ ബിഎസ്എഫ് ജവാനെ പാകിസ്ഥാന് അതിര്‍ത്തി മേഖലയില്‍ നിന്ന് മാറ്റി.
കർഷകരെ സഹായിക്കാൻ പോയ യുപിയിലെ ജവാനെയാണ് പാകിസ്ഥാന് കസ്റ്റഡിയിലെടുത്തത്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള രണ്ട് രാജ്യങ്ങളുടേതും അല്ലാത്ത സ്ഥലത്ത് കൃഷിക്ക് ഇരു രാജ്യങ്ങളുടെയും കർഷകർക്ക് അനുവാദം നൽകാറുണ്ട്. കർഷകരെ സഹായിക്കാൻ പോയ പി കെ സിംഗ് എന്ന ബിഎസ് എഫ് ജവാനെയാണ് പാക് റെയിഞ്ചർമാർ കസ്റ്റഡിയിലെടുത്തത്. കർഷകർ കൃഷിചെയ്യുകയായിരുന്ന സ്ഥലത്ത് നിന്ന് കുറച്ചുകൂടി മുന്നോട്ട് പോയി തണലത്ത് വിശ്രമിക്കുമ്പോഴാണ് ജവാനെ പാക് റെയ്ഞ്ചർമാർ തടഞ്ഞുവെച്ചത്. പാകിസ്ഥാന്റെ ഭാഗത്തെ അതിർത്തിയിൽ മുള്ളുവേലി ഇല്ലാത്തതുകൊണ്ടാണ് ജവാൻ അബദ്ധത്തിൽ ഇത് കടന്നത് എന്നതാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. കസ്റ്റഡയിലെടുത്ത ജവാന്റെ ചിത്രങ്ങൾ അടക്കം പുറത്തുവിട്ട പാകിസ്ഥാൻ ഇത് ആഘോഷിച്ചത് ഇന്ത്യയുടെ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ഫ്ലാഗ് മീറ്റിങ്ങ് നടത്തി ജവാനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ് ഇന്ത്യ.