മാവേലിക്കരയിലെ കുപ്രസിദ്ധ ലഹരിക്കടത്തുകാരൻ…. ഇനി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍…..
മാവേലിക്കര- നൂറനാട് പുതുപ്പളളിക്കുന്നം, ഖാന് മന്‍സില്‍ വീട്ടില്‍ ഷൈജു ഖാന് എന്നു വിളിക്കുന്ന ഖാന്.പി.കെ (42) എന്ന കുപ്രസിദ്ധ ലഹരിക്കടത്തുകാരനെ പിറ്റ് എന്‍.ഡി.പി.എസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. 2020 മുതല്‍ നൂറനാട് പോലീസ്, നൂറനാട് എക്സൈസ്, ആലപ്പുഴ എക്സൈസ് എന്‍ഫോഴ്സ്മെന്റ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 9 ഗഞ്ചാവ് കേസുകളില്‍ പ്രതിയാണ് ഷൈജു ഖാൻ.
ലഹരിക്കടത്തുകാരെ കരുതല്‍ തടങ്കലില്‍ സൂക്ഷിക്കുന്നതിനുളള പ്രത്യേക നിയമമായ പിറ്റ് എന്‍.ഡി.പി.എസ് ആക്ട് പ്രകാരം നൂറനാട് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍.എസ് തയ്യാറാക്കിയ പ്രൊപ്പോസല്‍ അടിസ്ഥാനമാക്കി ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രന് കേരളാ സര്‍ക്കാരിന് നല്കിയ റിപ്പോര്ട്ടിന്മേലാണ് കേരളാ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഷൈജു ഖാനെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് ശനിയാഴ്ച നൂറനാട് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍.എസ് മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലില്‍ എത്തി ഇയാളെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.
ആലപ്പുഴ ജില്ലയിൽ ലഹരി മാഫിയക്കെതിരേ ജില്ലാ പോലീസ് മേധാവി എം.പി മോഹന ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം. കെ ബിനു കുമാറിന്റെ മേൽനോട്ടത്തിലാണ് നൂറനാട് പോലീസ് നടപടി. മാർച്ച് 24ന് താമരക്കുളം വേടരപ്ലാവ് സതിയമ്മ എന്നയാളുടെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് 1 പവന് തൂക്കം വരുന്ന സ്വര്‍ണ്ണവളയും 52000 രൂപയും കവര്‍ച്ച ചെയ്ത കേസിൽ അറസ്റ്റിലായ ഷൈജു ഖാനെയും കൂട്ടു പ്രതിയായ അമ്പലപ്പുഴ വില്ലേജില്‍ വളഞ്ഞവഴി മുറിയില്‍ പൊക്കത്തില്‍ വീട്ടില്‍ പൊടിച്ചന്‍ എന്നു വിളിക്കുന്ന പൊടിമോനും (27) മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു.
ഒഡീഷ, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും ഗഞ്ചാവ് കടത്തിക്കൊണ്ടുവന്ന് ചാരുംമൂട് കേന്ദ്രീകരിച്ച് ആലപ്പുഴ, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളില്‍ ചെറുപ്പക്കാര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ചെറുകിട വില്‍പ്പന നടത്തി വന്ന ഇയാളെ 2023 മാര്‍ച്ചില്‍ 2 കിലോ ഗഞ്ചാവുമായി നൂറനാട് പോലീസും 2024 ജൂണില്‍ 2 കിലോ ഗഞ്ചാവുമായി നൂറനാട് എക്സൈസും 2024 ഓഗസ്റ്റില്‍ 8.5 കിലോ ഗഞ്ചാവുമായി ആലപ്പുഴ എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഈ കേസുകളില്‍ ജാമ്യത്തിലിറങ്ങിയ ഇയാളുടെ വീട്ടില്‍ നിന്നും 2024 നവംബറില്‍ 125 ഗ്രാം ഗഞ്ചാവ് നൂറനാട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ എസ്. നിതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തിരുന്നു.
ലഹരിക്കടത്തിലൂടെ ഷൈജുഖാന് ആര്‍ജ്ജിച്ച 17.5 സെന്റ് വസ്തുവും വീടും SAFEM Act പ്രകാരം കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാറിന്റെ ധനകാര്യ മന്ത്രാലയത്തിനു കീഴിലുളള റവന്യൂ വകുപ്പിന്റെ ചെന്നൈ ആസ്ഥാനമായുളള ട്രിബ്യൂണല്‍ കണ്ടുകെട്ടിയിരുന്നു.