വാക്കുകൾ കൊണ്ട് കേരളത്തെ കത്തിച്ചു.. യുവജനത്തിന് തീയായി..വേടൻ ഈ പ്രതിസന്ധിയും അതിജീവിക്കട്ടെ..
കഞ്ചാവുമായി പിടികൂടിയ റാപ്പര്‍ വേടന് പിന്തുണയുമായി സംവിധായിക ലീല സന്തോഷ്. വേടന് ഈ പ്രതിസന്ധിയും അതിജീവിക്കാൻ കഴിയുമെന്ന് തന്നെ വിശ്വസിക്കുന്നുവെന്ന് ലീല സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചു. തെറ്റ് ചെയ്തുവെങ്കിൽ ആ തെറ്റിനെ ഒരിക്കലും ന്യായീകരിക്കുന്നില്ല. എങ്കിലും, മൂര്‍ച്ചയേറിയ വാക്കുകളുള്ള വേടന് ഈ പ്രതിസന്ധിയും അതിജീവിക്കാൻ കഴിയുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ഈ അടുത്ത കാലത്ത് വാക്കുകൾ കൊണ്ട് കേരളത്തെ കത്തിച്ച താങ്കൾക്കൊപ്പമല്ലാതെ മാറി നിൽക്കാനാവില്ല. കാരണം താങ്കൾ ഞാൻ അടങ്ങുന്ന യുവജനത്തിന് ഒരു തീ തന്നെ ആയിരുന്നുവല്ലോയെന്നും താങ്കളുടെ വാക്കുകൾ ഒരിക്കലും മരിക്കാതിരിക്കട്ടെയെന്നും ലീല കൂട്ടിച്ചേര്‍ത്തു.
അതേസമയം, പൊലീസിന്റെ വേട്ടയാടലാണോ എന്ന ചോദ്യത്തിന് ‘അല്ല’ എന്നായിരുന്നു മാധ്യമങ്ങളോട് വേടന്റെ മറുപടി. വൈദ്യ പരിശോധന പൂർത്തിയാക്കി വേടനെ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വേടനൊപ്പം റാപ്പ് സംഘത്തിലെ മറ്റ് 8 പേരും അറസ്റ്റിലായിട്ടുണ്ട്. ആറന്മുള സ്വദേശി വിനായക് മോഹൻ, തിരുവനന്തപുരം കൈമനം സ്വദേശി വൈഷ്ണവ് ജി.പിള്ള, സഹോദരൻ വിഗ്നേഷ് ജി.പിള്ള, പെരിന്തൽമണ്ണ സ്വദേശി ജാഫർ, തൃശൂർ പറളിക്കാട് സ്വദേശി കശ്യപ് ഭാസ്കർ, നോർത്ത് പറവൂർ സ്വദേശി വിഷ്ണു കെ.വി, കോട്ടയം മീനടം സ്വദേശി വിമൽ സി.റോയ്, മാള സ്വദേശി ഹേമന്ത് വി.എസ് എന്നിവരാണ് വേടനൊപ്പം അറസ്റ്റിലായത്.