ഹൈബ്രിഡ് കഞ്ചാവ് ഇന്ന് കോടതിയിൽ ഹാജരാക്കും…സംവിധായകർക്ക് കഞ്ചാവ് നൽകിയത്…
കൊച്ചി: സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരിൽ നിന്ന് പിടിച്ചെടുത്ത ഹൈബ്രിഡ് കഞ്ചാവ് എക്സൈസ് ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ കൂടുതൽ തെളിവുകൾ സമാഹരിക്കാനുള്ള ശ്രമത്തിലാണ് എക്സൈസ് സംഘം. സംവിധായകർക്ക് ലഹരി എത്തിച്ച കൊച്ചി സ്വദേശിയെ കണ്ടെത്താനുള്ള തെരച്ചിലും ഊർജിതമാക്കിയിട്ടുണ്ട്. ഇയാളെ കൂടി കസ്റ്റഡിയിലെടുത്ത ശേഷമാകും പ്രതികളെ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുക. കഞ്ചാവ് കണ്ടെടുത്ത ഫ്ലാറ്റിന്റെ ഉടമസ്ഥനായ സംവിധായകൻ സമീർ താഹിറിനെ നോട്ടീസ് നൽകി വിളിപ്പിക്കാനും എക്സൈസ് തീരുമാനിച്ചിട്ടുണ്ട്.
ഇന്നലെ പുലർച്ചെയാണ് സംവിധായകരെ കസ്റ്റഡിയിലെടുത്തത്. എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവർ കൊച്ചി ഗോശ്രീ പാലത്തിന് സമീപത്തെ ഫ്ലാറ്റിൽ നിന്ന് പുലർച്ചെ രണ്ടുമണിക്ക് പിടിയിലായത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടു. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം ഫ്ലാറ്റിൽ പരിശോധന നടത്തുകയായിരുന്നു. കഞ്ചാവ് ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരെയും പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.