രോഗിയായ യുവതിയോട് മോശം പെരുമാറ്റം, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ…

മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിയോട് മോശമായി പെരുമാറിയ ജീവനക്കാരന് സസ്പെൻഷൻ. തിരുവനന്തപുരം മെഡിക്കൽ കോളേജ്  ആശുപത്രിയിലെ ഗ്രേഡ്-2 ജീവനക്കാരൻ ദിൽകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്. ഓർത്തോപീഡിക്സ് വിഭാഗത്തിൽ ചികിത്സയിലുള്ള യുവതിയോട് ഇന്നലെ വൈകുന്നേരമായിരുന്നു ഇയാൾ അപമര്യാദയായി പെരുമാറിയത്. പിന്നാലെ രോഗി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോട് പരാതി പറയുകയും പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് അടിയന്തര നടപടിയുണ്ടായത്‌.  ഇയാൾ രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന റിപ്പോർട്ട് ലഭിച്ചതിൽ പ്രകാരമാണ് പ്രാഥമിക നടപടിയെന്ന നിലയിൽ സർവ്വീസിൽ നിന്നും സസ്പെന്‍റ് ചെയ്തതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ബി .എസ് സുനിൽകുമാർ അറിയിച്ചു.

നിയമപരമായ തുടർനടപടികൾ സ്വീകരിക്കുന്നതിനായി വിവരം ബന്ധപ്പെട്ട മേലധികാരികളെ അറിയിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു. ആർഎംഒയുടെ റിപ്പോർട്ട് ലഭിക്കുന്നതോടെ പൊലീസിലും പരാതി നൽകാനാണ് ആശുപത്രി അധികൃതരുടെ നീക്കം

Related Articles

Back to top button