പഹൽഗാം ആക്രമണ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് കൂടുതൽ സുരക്ഷ… മുന്നൊരുക്കങ്ങൾ ഇവയൊക്കെ…
പഹൽഗാം ആക്രമണ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് സുരക്ഷ കൂട്ടി. സുരക്ഷയ്ക്ക് പ്രത്യേക കമൻ്റോകളെ നിയോഗിക്കുമെന്നും, ആന്റി ഡ്രോൺ സിസ്റ്റം നടപ്പാക്കുമെന്നും ഡിജിപി ഷെയ്ക് ദർവേഷ് സാഹിബ് അറിയിച്ചു. രണ്ടുമാസം മുമ്പ് തന്നെ തൃശൂർ പൂരം നടത്തിപ്പിനാവശ്യമായ നടപടികൾ പൊലീസ് കൈക്കൊണ്ടിട്ടുണ്ട്.4000ത്തിലധികം പൊലീസിനെ വിന്യസിപ്പിക്കും. 35 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പൊലീസിനെയാകും വിന്യസിപ്പിക്കുക. കഴിഞ്ഞവർഷത്തെ തൃശൂർപൂരം സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. ഇത്തവണ ഒരു പ്രശ്നവുമില്ലാതെ നടത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്.
കഴിഞ്ഞതവണത്തെ പ്രശ്നങ്ങൾ ഇപ്പോൾ സംസാരിച്ചിട്ട് കാര്യമില്ല. തൃശ്ശൂർ പൂരത്തിനെ കുറിച്ച് താൻ നൽകിയ റിപ്പോർട്ട് സർക്കാരാണ് പരിഗണിക്കുന്നത്. താൻ കൊടുത്ത റിപ്പോർട്ടിനെ പറ്റി പ്രതികരിക്കാനില്ല. പൂരം കലക്കലിൽ ത്രിതല അന്വേഷണത്തിൽ മനോജ് എബ്രഹാം നടത്തിയ അന്വേഷണം പൂർത്തിയായെന്നും അദ്ദേഹം അറിയിച്ചു.ഇത്തവണത്തെ പൂരം നടത്തിപ്പിന്റെ പൂർണ ചുമതല ജില്ലാ ഭരണകൂടത്തിനാണ്. ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി പൊതുജനങ്ങള്‍ക്കുള്ള സുരക്ഷയും സൗകര്യവുമൊരുക്കും. കേന്ദ്ര ഏജന്‍സികളുടെ സഹായവും സഹകരണവും ഇതിനായി ഉണ്ടാകുമെന്നാണ് സൂചന. ഇത്തവണ കുടമാറ്റം കാണാൻ ഒരുക്കുന്ന വിഐപി ഗ്യാലറികളിൽ വിദേശികൾക്ക് മാത്രമായിരിക്കും പ്രവേശനം ഉണ്ടാവുകയെന്നാണ് വിവരം. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള വിഐപികളെ ഇവിടെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് പൂരം അവലോകനയോഗം തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി നിലനിൽക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
എങ്കിലും ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന വിഐപികള്‍ക്ക് കുടമാറ്റം-വെടിക്കെട്ട് സമയത്ത് സൗകര്യം ഒരുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. കുടമാറ്റവും വെടിക്കെട്ടും ആസ്വദിക്കാന്‍ കഴിയുന്ന സൗകര്യമുള്ള സ്വരാജ് റൗണ്ടിലെ വലിയ കെട്ടിടങ്ങളില്‍ ഇവര്‍ക്ക് പരിമിത സൗകര്യം ഒരുക്കിയേക്കും. ഇതിനായി ജില്ലാ ഭരണകൂടം സ്വരാജ് റൗണ്ടിലെ വലിയ കെട്ടിടങ്ങളുടെ ഉടമകളുമായി സംസാരിച്ച് ധാരണയിലെത്തുമെന്നാണ് വിവരം.മെയ് ആറിനാണ് ഇത്തവണ തൃശൂർ പൂരം. പൂരം പ്രമാണിച്ച് മെയ് ആറിന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.