അവർ ക്രൂരമായി കൊല്ലപ്പെട്ടു, എട്ട് രുദ്രാക്ഷമരങ്ങൾ സാക്ഷി; അവസാന കവർ കൈപ്പറ്റാൻ വിജയകുമാറില്ല…

തിരുവാതുക്കലിലെ ‘ശ്രീവത്സം’ വീട് അയൽപക്കക്കാർക്ക് അപരിചിതമായിരുന്നു. ആ വളപ്പിൽ നിധിപോലെ വിജയകുമാർ കാത്തുപരിപാലിച്ച എട്ടുമരങ്ങളും പലരും കണ്ടിട്ടുണ്ടായിരുന്നില്ല. നിറയെ കായ്ച്ചിരുന്ന രുദ്രാക്ഷമരങ്ങൾ. 22 വർഷംമുമ്പ് നേപ്പാൾ യാത്രകഴിഞ്ഞ് വന്നപ്പോഴാണ് വിജയകുമാർ വൃക്ഷത്തൈകൾ കൊണ്ടുവന്നത്. 10 വർഷത്തിനുള്ളിൽ മരങ്ങൾ കായിട്ടു. ഇതിനോടകം പതിനായിരത്തിലേറെ വ്യത്യസ്ത ഇനം രുദ്രാക്ഷ കായ്‌കളുണ്ടായി. യഥാർഥ രുദ്രാക്ഷം പ്രചാരത്തിൽ കൊണ്ടുവരുകയെന്നത് ലക്ഷ്യമിട്ടാണ് താൻ രുദ്രാക്ഷമരം നട്ടതെന്നാണ് വിജയകുമാർ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. തുടക്കത്തിൽ അടുപ്പമുള്ളവർക്കെല്ലാം സൗജന്യമായി രുദ്രാക്ഷം നൽകി.

പണം നൽകി വാങ്ങുന്ന രുദ്രാക്ഷത്തിനെ ഫലസിദ്ധിയുള്ളൂവെന്ന വിശ്വാസം വില്പനയ്ക്കുള്ള വഴിതുറന്നു. അങ്ങനെ കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലെ ഓഫീസ് മുറിയിലെ കണ്ണാടിപ്പെട്ടിയിൽ രുദ്രാക്ഷം വിൽപ്പനയ്ക്കുവെച്ചു. ഭസ്മത്തിലിട്ടാണ് രുദ്രാക്ഷം സൂക്ഷിച്ചിരുന്നത്. ഒരുമുഖം മുതൽ എട്ട് മുഖങ്ങൾ വരെയുള്ള രുദ്രാക്ഷക്കായകൾ. കൂടാതെ മോഹവില കിട്ടുന്ന ഗൗരീശങ്കരം, ഗണേഷ്‌മുഖി എന്നിവയും. വിപണിവിലയെക്കാൾ കുറച്ചുമാത്രമേ ഈടാക്കിയിരുന്നുള്ളൂവെന്ന് ഇന്ദ്രപ്രസ്ഥത്തിലെ ജീവനക്കാരി സുജ പ്രിയൻ പറയുന്നു.

‘‘സാർ വളരെ ശ്രദ്ധയോടെയാണ് രുദ്രാക്ഷം സൂക്ഷിച്ചിരുന്നത്. വില പലവിധമാണ്. ലാഭമായി ഒരു പൈസപോലും സാർ എടുക്കില്ല. എല്ലാം അമ്പലത്തിലേക്ക് കൊടുക്കുകയായിരുന്നു പതിവ്’’ -സുജ പറയുന്നു. രുദ്രാക്ഷത്തിന്റെ യഥാർഥ ഗുണങ്ങൾ പ്രചരിപ്പിക്കണമെന്ന ലക്ഷ്യത്തോടെ കേരളത്തിലെ ഭാഗവതസപ്ത‌ാഹ വേദികൾ മുതൽ അതിരാത്രപന്തലിൽ വരെ പ്രദർശനം നടത്താനും വിജയകുമാർ ശ്രമിച്ചിരുന്നു.

ചെടികളോട് വല്ലാത്ത ഒരിഷ്ടമുണ്ടായിരുന്നു വിജയകുമാറിന്. അതിന് സാക്ഷ്യമാണ് വീടും ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയവും. വീട്ടിൽ നിറയെ മഞ്ഞക്കോളാമ്പിയും രുദ്രാക്ഷമരങ്ങളും. ഓഡിറ്റോറിയത്തിൽ നിറയെ ഇലച്ചെടികൾ. ഓഡിറ്റോറിയത്തിന്റെ ഓഫീസിന് അകത്തേക്ക് കയറിയാൽ ശാന്തത തുടിക്കുന്ന ഇടം. ഇവിടെ ബുദ്ധന്റെ പ്രതിമകളാണ് പ്രധാന ആകർഷണം. പിന്നെ വീട്ടിലെ കായ്ക്കുന്ന രുദ്രാക്ഷമരത്തിന്റെയും അബ്ദുൾകലാം ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിന്റെയും ചിത്രവുമുണ്ട്. മുമ്പ് ഓഡിറ്റോറിയത്തിൽ നടന്ന ഒരു ചടങ്ങിൽ കലാം സംസാരിക്കുന്നതാണ് ചിത്രം.

വിജയകുമാർ പ്രയാഗ് രാജിലേക്കാണ് അവസാന ദൂരയാത്ര നടത്തിയത്. കുംഭമേളയിൽ പങ്കെുക്കാനുള്ള യാത്ര ഏകനായിട്ടായിരുന്നു. ഡൽഹിവരെ വിമാനത്തിലും പിന്നീട് ബസിലും ബൈക്കിലുമാണ് പോയതെന്ന് വിജയകുമാർ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മടങ്ങുംവഴി താജ്മഹലും സന്ദർശിച്ചു.

മകൻ ഗൗതമിന്റെ മരണശേഷം ഭാര്യ ഡോ.മീര പൊതുപരിപാടികളിലോ യാത്രകളിലോ പങ്കെടുക്കുമായിരുന്നില്ല. അഞ്ചുമാസം മുമ്പ് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ നടന്ന മകളുടെ വിവാഹത്തിനും മീര പങ്കെടുത്തിരുന്നില്ല.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കോട്ടയം ഇന്ദ്രപ്രസ്ഥത്തിലേക്ക് വിജയകുമാർ കാർത്തികേയൻനായർ എന്ന മേൽവിലാസക്കാരനെ തേടി ഒരു പായ്ക്കറ്റ് എത്തുമ്പോൾ ജീവനക്കാരൻ ശ്യാമിന്റെ ഹൃദയമൊന്ന് പതറി.

അതുകണ്ടിട്ട് കൂറിയർ ജീവനക്കാരൻ മേൽവിലാസം വായിച്ച് വീണ്ടും ഉറപ്പിക്കുന്നു. ‘‘അതെ ഇതാണ് മേൽവിലാസം. പക്ഷേ സാർ…” വാക്കുകൾ മുഴുപ്പിക്കുംമുന്പ് ‘‘ഒടിപി നമ്പർ ആവശ്യമില്ലല്ലോ’’ എന്ന് ഉറപ്പിച്ചശേഷം ശ്യാം കവർ ഒപ്പിട്ട് വാങ്ങി. സൂററ്റിൽ നിന്നുള്ളതായിരുന്നു കവർ. മുൻകൂറായി 1499 രൂപയടച്ച് ഓൺലൈനിൽ വരുത്തിയ ഹാഫ് സ്ളീവ് ഷർട്ടാണെന്ന് കവറിന് പുറത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഒരു പക്ഷേ വിജയകുമാർ അവസാനമായി ഓർഡർചെയ്ത സാധനമാകണം ആ കവർ.

Related Articles

Back to top button