ഇരട്ടക്കൊലപാതകം; വീട്ടിലെ നായകൾ അവശ നിലയിൽ, രണ്ട് നായകളെയും രാത്രി മയക്കി കിടത്തി..പ്രതി അസം സ്വദേശി?..

തിരുവാതുക്കലിൽ കൊല്ലപ്പെട്ട വിജയകുമാറിന്റെ വീട്ടിലെ നായകൾ അവശ നിലയിൽ. രണ്ടു നായകളാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവയെ രാത്രി മയക്കിക്കിടത്തി എന്നാണ് സൂചന. മയക്കുന്നതിനായി എന്തോ നൽകിയിട്ടുണ്ടെന്നാണ് വിവരങ്ങൾ. വ്യവസായി വിജയ കുമാറിനേയും ഭാര്യ മീരയേയുമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.വിജയകുമാറിന്റെ മൃതദേഹം കിടന്നിരുന്നത് വീടിന്റെ ഹാളിലാണ്. ഭാര്യ മീരയുടെ മൃതദേഹം കിടന്നിരുന്നത് കിടപ്പു മുറിയിലും.വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്.

തിരുവാതുക്കലില്‍ വ്യവസായിയുടെയും ഭാര്യയുടെയും മരണത്തില്‍ അസം സ്വദേശി കസ്റ്റഡിയിലെന്ന് സൂചന. ഇവരുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. നേരത്തെ വീട്ടുജോലിക്കായി നിന്നിരുന്ന ഇയാളെ മൊബൈല്‍ മോഷണത്തിന്റെ പേരില്‍ വിജയകുമാര്‍ വീട്ടില്‍ നിന്നും പറഞ്ഞുവിടുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണോ കൊലപാതകമെന്നതില്‍ സ്ഥിരീകരണം ഇല്ല.

ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വിജയകുമാറിനെയും മീരയെയും ചോര വാര്‍ന്ന് മരിച്ച നിലയില്‍ ഇരുമുറികളായി കണ്ടെത്തിയത്. ജോലിക്കാരിയുടെ മൊഴിയെടുക്കുകയാണ്. വിജയകുമാറിന്റെയും ഭാര്യയുടെയും മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. സംഭവ സ്ഥലത്ത് നിന്നും കോടാലിയും വീടിന് സമീപത്തെ ഗേറ്റിന് അടുത്ത് നിന്ന് അമ്മിക്കല്ലും കണ്ടെത്തിയിരുന്നു. ഇത് ഉപയോഗിച്ചാണോ പ്രതി കൃത്യം നടത്തിയതെന്ന് വ്യക്തമല്ല. വീട്ടിലെയും സമീപത്തെയും സിസിടിവി ഫൂട്ടേജുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. എന്നാൽ ഹാർഡ് ഡിസ്കുകള്‍ പലതും കാണാനില്ല. ആസൂത്രിതമായാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.

Related Articles

Back to top button