മമതയില്ലാതെ വന്നാൽ മമതയോടെ പരിഗണിക്കാം; പി വി അൻവറിന് മുന്നിൽ പുതിയ ഫോർമുലയുമായി കോൺഗ്രസ്
പി വി അൻവറിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നത് സംബന്ധിച്ച് പുതിയ നിർദ്ദേശവുമായി കോൺഗ്രസ്. തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിന്റെ ഭാഗമാക്കാനാകില്ലെന്ന നിലപാട് കോൺഗ്രസ് നേതൃത്വം പി വി അൻവറിനെ അറിയിക്കും. നിലവിൽ യുഡിഎഫിന്റെ ഭാഗമായ ഏതെങ്കിലും പാർട്ടിയിൽ ചേരുകയോ അല്ലെങ്കിൽ കേരളത്തിൽ സ്വന്തം പാർട്ടി രൂപീകരിക്കുകയോ ചെയ്യണമെന്ന നിർദ്ദേശമാണ് കോൺഗ്രസ് നേതൃത്വം അൻവറിന് മുന്നിൽ വെക്കുക. ബംഗാളിലും ദേശീയ തലത്തിലും കോൺഗ്രസിനും ഇന്ത്യാ സഖ്യത്തിനും പ്രതിസന്ധി സൃഷ്ടിക്കുന്ന മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ കേരളത്തിലെ യുഡിഎഫിന്റെ ഭാഗമാക്കാനാകില്ലെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെയും നിലപാട്. ഇക്കാര്യവും കോൺഗ്രസ് നേതൃത്വം പി വി അൻവറിനെ അറിയിക്കും.
നാളെയാണ് കോൺഗ്രസ് നേതൃത്വം പി വി അൻവറുമായി ചർച്ച നടത്തുന്നത്. താൻ നിർദ്ദേശിക്കുന്നയാളെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കണമെന്നും ഉപതെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ എടുക്കണമെന്നുമാണ് അൻവറിന്റെ ആവശ്യം. എന്നാൽ, രണ്ടു കാര്യങ്ങളിലും കോൺഗ്രസും മുസ്ലീം ലീഗും അനുകൂല നിലപാടല്ല സ്വീകരിക്കുന്നത്. അതേസമയം, അൻവറിനെ പിണക്കിവിടുന്നത് ബുദ്ധിയല്ല എന്ന തിരിച്ചറിവിലാണ് കോൺഗ്രസ് അൻവറിന് മുന്നിൽ പുതിയ ഫോർമുല അവതരിപ്പിക്കുന്നത്.
നാളെ നടക്കുന്ന കൂടിക്കാഴ്ചയിൽ മുന്നണി പ്രവേശനത്തിനായി പിവി അൻവറിന് മുന്നിൽ കോൺഗ്രസ് ഫോർമുല മുന്നോട്ടുവെയ്ക്കുമെന്നാണ് വിവരം. മുന്നണി പ്രവേശനം സാധ്യമാകണമെങ്കിൽ കേരള പാർട്ടി വേണമെന്ന നിലപാടിലാണ് യുഡിഎഫ്. നിലവിൽ തൃണമൂൽ കോൺഗ്രസ് വഴിയുള്ള മുന്നണി പ്രവേശനം പ്രയാസമാണെന്നാണ് കോൺഗ്രസിന്റെ നിലപാട്.
കേരള പാർട്ടി വേണമെന്ന നിർദേശം കോൺഗ്രസ് നാളത്തെ കൂടിക്കാഴ്ചയിൽ മുന്നോട്ടുവെച്ചേക്കും. അതിന് വഴങ്ങിയില്ലെങ്കിൽ അൻവറുമായി സഹകരണം മാത്രം മതിയെന്ന നിലപാടിലേക്കും എത്തിയേക്കും. പിവി അൻവറിനെ മുന്നണിയിലെടുത്താൽ പിന്നീട് തലവേദനയാകുമോ എന്ന ആശങ്കയും ഘടകകക്ഷികൾ കോൺഗ്രസിനെ അറിയിച്ചതായാണ് വിവരം.
പിവി അൻവറുമായി തൽക്കാലം സഹകരണം മതിയെന്ന അഭിപ്രായം യുഡിഎഫിൽ ശക്തമാണ്. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് നാളെ അൻവറുമായി കോൺഗ്രസ് നേതൃത്വം കൂടിക്കാഴ്ച നടത്തുന്നുണ്ട്. നാളത്തെ കൂടിക്കാഴ്ചയിൽ കോൺഗ്രസ് നിലപാട് പിവി അൻവറിനെ അറിയിക്കും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റുകൾ സംബന്ധിച്ച ചില ഉറപ്പുകളും കോൺഗ്രസ് നൽകും.