‘എന്നെ ജയിപ്പിക്കണം സര്‍, പ്ലീസ്… അല്ലെങ്കില്‍ കാമുകി….’ ; എസ്‌എസ്‌എല്‍സി ഉത്തരപേപ്പറില്‍ 500 രൂപയും അഭ്യര്‍ത്ഥനയും…

എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് വിജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയ്‌ക്കൊപ്പം ഉത്തരക്കടലാസില്‍ പണവും. കര്‍ണാടകയിലെ ബെലഗാവി ചിക്കോഡിയിലെ മൂല്യനിര്‍ണ ക്യാംപിലാണ് അധ്യാപകന് 500 രൂപ നോട്ടും അഭ്യര്‍ത്ഥനയും ലഭിച്ചത്. പരീക്ഷ വിജയിപ്പിക്കണമെന്ന് ഉത്തരക്കടലാസില്‍ നിരവധി അഭ്യര്‍ത്ഥനകളാണ് ഇന്‍വിജിലേറ്റര്‍മാര്‍ക്ക് ലഭിച്ചിട്ടുള്ളത്.

‘പത്താം ക്ലാസ് പരീക്ഷ ജയിക്കാന്‍ സഹായിക്കണം. എന്റെ പ്രണയം നിങ്ങളുടെ കയ്യിലാണ്. പരീക്ഷ ജയിച്ചാല്‍ മാത്രമേ പ്രണയം തുടര്‍ന്നുകൊണ്ടുപോകാനാകൂ. പരീക്ഷ ജയിച്ചില്ലെങ്കില്‍ കാമുകി എന്നെ വിട്ടു പോകും’ എന്നായിരുന്നു പണത്തോടൊപ്പം ഒരു അഭ്യര്‍ത്ഥന.’സാറിന് ചായ കുടിക്കാന്‍ 500 രൂപ ഇതോടൊപ്പം വെക്കുന്നു. എന്നെ എങ്ങനെയെങ്കിലും ജയിപ്പിക്കണം. പ്ലീസ്’ എന്നായിരുന്നു മറ്റൊരു വിദ്യാര്‍ത്ഥിയുടെ അപേക്ഷ. പരീക്ഷ ജയിച്ചില്ലെങ്കില്‍ വീട്ടുകാര്‍ വിവാഹം കഴിപ്പിച്ച്‌ അയക്കുമെന്ന് ഒരു വിദ്യാര്‍ത്ഥിനി ഭയപ്പെടുന്നു. പരീക്ഷ ജയിപ്പിച്ചാല്‍ ആവശ്യത്തിന് പണം നല്‍കാമെന്ന് നിരവധി ഉത്തരക്കടലാസുകളില്‍ വാഗ്ദാനങ്ങളുമുണ്ട്. ‘സര്‍ എന്റെ ഭാവി നിങ്ങളുടെ കയ്യിലാണ്. ജയിച്ചില്ലെങ്കില്‍ എന്റെ വീട്ടുകാര്‍ എന്നെ പിന്നെ കോളജില്‍ വിടില്ലെന്നും’ ചിലര്‍ എഴുതിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. കര്‍ണാടകയില്‍ എസ്‌എസ്‌എല്‍സി പരീക്ഷാഫലം അടുത്ത മാസം ആദ്യവാരം പ്രസിദ്ധീകരിക്കും.

Related Articles

Back to top button